മുതലയുടെ ആക്രമണത്തില്‍ കൈ നഷ്ടമായി ; നിയന്ത്രണമുള്ള പ്രദേശത്ത് അതിക്രമിച്ച് കടന്നതിന് യുവാവിനെതിരെ കേസ്
അതിക്രമിച്ച് കയറിയതല്ല; പറ്റിപ്പോയതാ... പക്ഷേ കൈ നഷ്ട്മായി
മുതലയുടെ ആക്രമണത്തില്‍ കൈ നഷ്ട്മായ യുവാവിനെതിരെ കേസ്. ബംഗളൂരു സ്വദേശിയായ സ്റ്റാര്‍ട്ട് അപ്പ് സിഇഒയാണ് മുതലയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ബംഗളൂരു നഗരത്തിലെ വനപ്രദേശത്തിനോടു ചേര്‍ന്നുള്ള തടാകത്തില്‍ നിന്നാണ് യുവാവിനെ മുതല ആക്രമിച്ചത്. യുവാവിന്‍റെ ഇടതുകയ്യിന്‍റെ മുകളില്‍ വെച്ച് മുതല കടിച്ചെടുക്കുകയായിരുന്നു.
സുഹൃത്തിനൊപ്പം രാമനഗര ജില്ലയിലെ ക്ഷേത്ര സന്ദര്‍ശനത്തിനായി പോയതായിരുന്നു യുവാവ്. കാറില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് വളര്‍ത്തുനായ്ക്കള്‍ തടാകത്തിനടുത്തേയ്ക്ക് എത്തിയപ്പോള്‍ വെള്ളത്തില്‍ നിന്ന് പുറത്തേയ്ക്ക് വന്ന മുതലയാണ് യുവാവിനെ ആക്രമിച്ചത്. പരിക്കേറ്റ യുവാവിനെ ഹോസ്മത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ പ്രവേശനത്തിന് നിയന്ത്രണമുള്ള പ്രദേശത്ത് അനുമതിയില്ലാതെ അതിക്രമിച്ച് കടന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പക്ഷേ നായ്ക്കള്‍ തടാകത്തിലേയ്ക്ക് ഇറങ്ങിയപ്പോള്‍ അവയെ തിരിച്ചെത്തിയ്ക്കാനുള്ള ശ്രമത്തിനിടെ മുന്നറിയിപ്പിനായി സ്ഥാപിച്ച ബോര്‍ഡുകള്‍ ശ്രദ്ധിച്ചില്ലെന്നാണ് യുവാവ് പറയുന്നത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തത്.