പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങൾ കേന്ദ്രസർക്കാരിന്റെ വികസനശ്രമങ്ങൾക്ക് തിരിച്ചടിയാകും; മുന്നറിയിപ്പുമായി ആർഎസ്എസ് മുഖപത്രം
ഹിന്ദുത്വത്തെ അടുക്കളയുടെ മതമായി ചിത്രീകരിക്കരുതെന്ന് ആർഎസ്എസ്
ഹിന്ദുത്വത്തെ അടുക്കളയുടെ മതമായി ചിത്രീകരിക്കരുതെന്ന് ആർഎസ്എസ് മുഖപത്രം ‘പാഞ്ചജന്യ’. പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ഒരുകാരണവശാലും പിന്തുണയ്ക്കില്ല. ഇത്തരം അക്രമങ്ങളെ എന്നും തള്ളിപ്പറഞ്ഞ ചരിത്രമാണ് ആർഎസ്എസിനുള്ളത്. പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്താനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടതെന്നും സ്വാമി വിവേകാനന്ദൻ, ആർഎസ്എസ് സർസംഘചാലക് എം എസ് ഗോൾവാൾക്കർ ഹിന്ദുത്വ നേതാവ് സവർക്കർ തുടങ്ങിയവരുടെ കൃതികൾ ഗോസംരക്ഷകർ വായിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖപത്രം പറയുന്നു.
പശുവിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾ സർക്കാരിന്റെ വികസനശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുവെന്നും മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നുണ്ട്. വിവാദമായ സംഭവങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ആർഎസ്എസ് തങ്ങളുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കുന്നത്. മൃഗങ്ങളെ രാഷ്ട്രീയ പോരാട്ടത്തിനായി ഉപയോഗിക്കുന്ന കോൺഗ്രസിനും കമ്യൂണിസ്റ്റിനുമെതിരെ നടപടിയെടുക്കേണ്ടത് അത്യാവശ്യമാണ്. കശാപ്പ് ഇന്ത്യൻ സമൂഹത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഉത്തരേന്ത്യയിലെ സംസ്കാരവും ഭക്ഷണശീലങ്ങളും രാജ്യം മുഴുവൻ അടിച്ചേൽപ്പിക്കാൻ കഴിയില്ല. പശുക്കളെയും ക്ഷേത്രങ്ങളെയും നിരുത്തരവാദിത്തത്തോടെയാണ് ഹിന്ദുക്കൾ കൈകാര്യം ചെയ്യുന്നത്. ഗോരക്ഷയെന്നത് സർക്കാരിന്റെ ചുമതലയാണെന്ന മട്ടിൽ ഒഴിഞ്ഞുമാറി നിൽക്കുകയും പശുക്കളെ ആരോഗ്യത്തോടെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നവരാണ് ഹിന്ദുസമൂഹത്തിലെ കുറ്റക്കാർ. നമ്മുടെ പശുക്കളെ ഗുരുതരമായ വൈദ്യ ഇടപെടലുകൾക്കു വിധേയമാക്കുകയും കന്നുകുട്ടികൾക്കു മാതാവിന്റെ പാൽ നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഈ നിലപാടുകളാണ് തിരുത്തേണ്ടതെന്നും മുഖപത്രത്തില്‍ പറയുന്നു.