പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയ പ്രസ്ഥാവന വിവാദമാകുന്നു. കഴിഞ്ഞ ഡിസംബറില്‍ സിഎഎ വിരുദ്ധ സമരത്തിനിടെയുണ്ടായ മരണങ്ങളെ പറ്റി വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി നടത്തിയ പ്രസ്ഥാവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചിലർ മരിക്കണം എന്ന ഉദ്ദേശത്തോടെ വന്നാൽ അവർ പിന്നെ എങ്ങനെയാണ് ജീവനോടെയിരിക്കുക എന്നതായിരുന്നു ഉത്തർപ്രദേശ് നിയമസഭയിൽ യോഗി ആദിത്യനാഥിന്റെ പ്രസ്ഥാവന.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ ഉത്തർപ്രദേശിൽ സംഘർഷത്തിലെത്തിയപ്പോൾ 20 പേരാണ് ഉത്തർപ്രദേശിൽ മാത്രം മരിച്ചത്. എന്നാൽ ഇവരാരും പോലീസ് നടത്തിയ വെടിവെപ്പിലല്ല മരിച്ചതെന്നും കലാപകാരികളുടെ ബുള്ളറ്റിന് ഇരകളാകുകയായിരുന്നെന്നും യോഗി പറഞ്ഞു.ഒരാള്‍ ആളുകളെ വെടിവെക്കണമെന്ന് ഉദ്ദേശ്യത്തോടെ തെരുവിലേക്ക് പോയാല്‍ ഒന്നുകില്‍ അയാള്‍ മരിക്കും അല്ലെങ്കിൽ പോലീസുകാരൻ മരിക്കും. ആസാദി എന്ന മുദ്രാവാക്യമാണ് അവർ ഉയർത്തുന്നത് എന്ത് ആസാദിയാണ് അവർക്ക് വേണ്ടത്? ജിന്നയുടെ സ്വപ്‌നം നടപ്പിലാക്കാനാണൊ അതോ ഗാന്ധിജിയുടെ സ്വപ്‌നം നടപ്പിലാക്കാനാണോ നമ്മൾ പരിശ്രമിക്കേണ്ടത്? ഡിസംബറിലെ കലാപത്തിന് ശേഷം പൊലീസ് നടപടികളെ പ്രശംസിക്കണമെന്നും അതിന് ശേഷം സംസ്ഥാനത്ത് കലാപങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും യോഗി പറഞ്ഞു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരിക്കലും സമരക്കാര്‍ക്ക് എതിരല്ലെന്നും എന്നാല്‍ കലാപം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും യോഗി പറഞ്ഞു. അതേസമയം, സിഎഎ വിരുദ്ധ സമരത്തിനിടെ സംസ്ഥാനത്ത് 22 പേര്‍ കൊല്ലപ്പെട്ടതായി സംസ്ഥാന സര്‍ക്കാര്‍ അലഹബാദ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ പോലീസ് നടത്തിയ വെടിവെപ്പിലാണ് ആളുകൾ മരിച്ചതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.