പ്രണയബന്ധത്തില്‍ അകല്‍ച്ചയുണ്ടാകുന്നതില്‍ മനംനൊന്ത് കാമുകനെ വെടിവെച്ച് യുവതി. പശ്ചിമ ബംഗാളിലെ പര്‍ബ ബര്‍ധമാന്‍ ജില്ലയിലാണ് സംഭവം. കാമുകനെ കെട്ടിപ്പിടിച്ചും ചുംബിച്ചും സ്‌നേഹം പ്രകടിപ്പിച്ച യുവതി തൊട്ടുപിന്നാലെ കൈവശമുണ്ടായിരുന്ന തോക്ക് കൊണ്ട് വെടിവയ്ക്കുകയായിരുന്നു. പ്രണയബന്ധത്തില്‍ കാമുകന്‍ അകലം പാലിക്കാന്‍ തുടങ്ങിയതാണ് യുവതിയെ ചൊടിപ്പിച്ചത്. യുവതിക്കും യുവാവിനും 22 വയസ്സാണ് പ്രായം.
കഴിഞ്ഞ കുറച്ച് മാസങ്ങളിലായി യുവതി ജാര്‍ഖണ്ഡിലാണ് ജോലി ചെയ്യുന്നത്. കാമുകനെ കാണാന്‍ അവിടെ നിന്ന് തിരിച്ചെത്തിയ യുവതി ഒരു സര്‍ക്കസ് കൂടാരമുള്ള ഗ്രൗണ്ടിലേക്ക് കാമുകനെ ക്ഷണിക്കുകയായിരുന്നു. കാമുകനെ കണ്ട യുവതി ആദ്യം അയാളെ കെട്ടിപ്പിടിച്ചു, ശേഷം ചുംബിച്ചു. ഇരുവരും ഒരുമിച്ച് ഗ്രൗണ്ടില്‍ നിന്ന് സിഗരറ്റ് വലിക്കുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് വെടിവയ്പ്പ് നടന്നത്. യുവാവിന്റെ അടിവയറ്റിലാണ് വെടി കൊണ്ടത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം മുങ്ങിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.