സ്ത്രീകൾക്ക് സ്വന്തം വീട്ടിലും ഭർത്താവിന്റെ വീട്ടിലും ഒരേ പോലെ അവകാശമുണ്ടെന്ന് സുപ്രീംകോടതി. ഭർതൃവീട്ടിൽ നിന്ന് പുറത്താക്കുന്നത് കുടുംബബന്ധങ്ങളിൽ വിള്ളലുണ്ടാക്കുമെന്ന് കോടതി വ്യക്തമാക്കി. ഭര്‍തൃഗൃഹത്തില്‍ തനിക്കും ഭര്‍ത്താവിനും താമസം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സ്വദേശിനി നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ അജയ് രസ്തോഗി,ബിവി നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. ഹർജി വീണ്ടും നാളെ പരിഗണിക്കും. ഹർജി സമയത്ത് മഹാരാഷ്ട്ര സ്വദേശിനിയുടെ ഭർത്താവിന്റെ വീട്ടുകാരുമായി വീഡിയോ കോൺഫറൻസ് സാധ്യമാക്കണമെന്ന് കോടതി രജിസ്ട്രാർക്ക് നിർദേശം നൽകി.
മുതിര്‍ന്ന പൗരന്മാരുടെ അവകാശസംരക്ഷണ നിയമപ്രകാരം മകനെയും മരുമകളെയും വീട്ടില്‍നിന്ന് ഒഴിവാക്കിത്തരണം പരാതിക്കാരിയുടെ ഭർതൃപിതാവ് നേരത്തെ ട്രൈബ്യുണലിനെ സമീപിച്ചിരുന്നു. തുടർന്ന് ദമ്പതികളോട് വീട്ടിൽ നിന്നും മാറണമെന്നും 25000 രൂപ പ്രതിമാസം പരാതിക്കാരന് നൽകണമെന്നും ട്രൈബ്യുണൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിലും അനുകൂലവിധി ലഭിക്കാത്തതിനെ തുടർന്നാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്.