കേന്ദ്രസർക്കാരിന്റെ കാർഷികനിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്കെതിരെയുള്ള നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. ഗാസിപ്പൂരിലെ സമരവേദിയിലേക്കുള്ള ജലവിതരണം നിർത്തിവെച്ചു. കഴിഞ്ഞ ദിവസം രാത്രി വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെയാണ് നടപടി.
അതേസമയം യുപി- ഡൽഹി അതിർത്തിയായ ഗാസിപ്പൂരിൽ തമ്പടിച്ചിരിക്കുന്ന കർഷകരോട് ഒഴിഞ്ഞുപോകാൻ ജില്ലാ ഭരണഗൂഡം ആവശ്യപ്പെട്ടു. കർഷക സമരത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ ഡൽഹി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. ഇവരുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നതിന് ശേഷമാ കർഷക സംഘടനാ നേതാക്കൾക്ക് നേരെയുള്ള നടപടികൾ ശക്തമാക്കിയത്. മേധാ പട്‌കർ,യോഗേന്ദ്ര യാദവ് എന്നിവരടക്കം 37 നേതാക്കൾക്കെതിരെ ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.