നിര്‍മാതാവിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകം; വെളിപ്പെടുത്തലുമായി വിശാല്‍
നിര്‍മാതാവിന്റെ മരണം ആത്മഹത്യയല്ല, അതൊരു കൊലപാതകമെന്ന് വിശാലിന്റെ വെളിപ്പെടുത്തല്‍
പ്രശസ്ത തമിഴ്സിനിമാ നിര്‍മാതാവ് ബി അശോക് കുമാറിന്റെ മരണം ആത്മഹത്യയല്ലെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍. അതൊരു കൊലപാതകമാണെന്നാണ് വിശാല്‍ പറയുന്നത്. അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടന്ന് പിടികൂടാന്‍ പൊലീസ് സന്നദ്ധത കാണിക്കണമെന്നും വിശാല്‍ ആവശ്യപ്പെട്ടു.
സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഒരു നിര്‍മാതാക്കളെയും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ കൈവെടിയില്ല. അത്തരം സാഹചര്യം നേരിടുന്നവര്‍ തങ്ങളെ സമീപിക്കാന്‍ തയ്യാറാകണമെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. പലിശക്കാരുടെ ശല്യം സഹിക്കാന്‍ വയ്യാത്തതുകൊണ്ടാണ് താന്‍ ജീവനൊടുക്കുന്നതെന്നാണ് അശോക് കുമാര്‍ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
കടുത്ത മാനസിക പീഡനം അനുഭവിച്ചത് കൊണ്ടാണ് മരണത്തെക്കുറിച്ച് ആലോചിച്ചതെന്നും എല്ലാവരും തനിക്ക് മാപ്പ് തരണമെന്നും അശോക് കുറിച്ചു. മരണ വാര്‍ത്ത പുറത്ത് വന്നതുമുതല്‍ കടുത്ത ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. അശോക് കുമാറിനെ ചെന്നൈയിലെ വസതിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംവിധായകനും നടനുമായ ശശികുമാറിന്റെ സിനിമകളുടെ സഹനിര്‍മാതാവുകൂടിയായിരുന്നു അശോക്.