ഏറെ അനിശ്ചിതത്തിനൊടുവിലാണ് യു ഡി എഫ് വടകരയിലേയും വയനാട്ടിലേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി പരിഗണിക്കും മുൻപ് സംസ്ഥാന നേതൃത്വം ഈ രണ്ട് മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ ഹൈക്കമാൻഡിന് അതൃപ്തിയെന്ന വാർത്തകൾ നിഷേധിച്ചു കോൺഗ്രസ് ദേശീയ നേതൃത്വം. ഇക്കാര്യത്തിൽ അതൃപ്തിയില്ലെന്നും നേതൃത്വത്തിന്റെ അനുമതിയോടെയാണു പ്രഖ്യാപനമെന്നും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പ്രതികരിച്ചു.
പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന തിരഞ്ഞെടുപ്പ് സമിതി പരിഗണിക്കും മുൻപ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ചൊവ്വാഴ്ച രാവിലെ ചേർന്ന സമിതി വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർഥിത്വം ചർച്ച ചെയ്തിരുന്നില്ല. പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കു പോയി.
ചൊവ്വാഴ്ച ഉച്ചയോടെ സ്ഥാനാർഥിത്വം സംബന്ധിച്ച പ്രഖ്യാപനം സംസ്ഥാന നേതൃത്വം നടത്തി. പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി, വാസ്നിക് എന്നിവരുമായി ചർച്ച ചെയ്ത് അനുമതി വാങ്ങിയ ശേഷമായിരുന്നു ഇത്.