മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയായിരുന്നു അന്തരിച്ചത്. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്ന വ്യക്തിയാണ് വിട വാങ്ങിയത്. എസ് വൈ ഖുറേഷി ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്. 1990ൽ ഇന്ത്യയുടെ പത്താമത് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ടി എൻ ശേഷൻ തെരഞ്ഞെടുപ്പ് മേഖല അഴിമതി മുക്തമാക്കാൻ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല എന്ത് എന്ന് ജനങ്ങൾക്ക് വ്യക്തമാക്കി കൊടുത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഫോട്ടോ പതിച്ച വോട്ടേഴ്സ് ഐഡികൾ കൊണ്ടു വന്നതടക്കമുള്ള പരിഷ്കാരങ്ങളും അദ്ദേഹത്തിന്റേതായി ഉണ്ടായി. പ്രശ്സ്തമായ മഗ്സസെ പുരസ്കാരത്തിനും അർഹനായി. തെരഞ്ഞെടുപ്പ് കമ്മീഷന് നട്ടെല്ലുണ്ടാക്കി കൊടുത്ത കമ്മീഷണർ എന്നാകും കാലം അദ്ദേഹത്തെ ഇനി ഓർമ്മിക്കുക.