രാജ്യവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്ന് ടിക് ടോക്കിനും ഹെലോ ആപ്പിനും ഐടി മന്ത്രാലയം നോട്ടീസയച്ചു. ഐടി മന്ത്രാലയത്തിന്‍റെ സൈബര്‍ നിയമ, ഇ- സുരക്ഷാ വിഭാഗമാണ് നോട്ടീസയച്ചത്.
നിയമപരമല്ലാത്ത പ്രവൃത്തികള്‍ നടക്കുന്നുണ്ടോ എന്ന് ചോദിച്ചാണ് ടിക് ടോക്കിനും ഹെലോ ആപ്ലിക്കേഷനും നോട്ടീസ് നല്‍കിയത്. കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ നിരോധനമോ ഐടി നിയമം അനുസരിച്ചുള്ള നടപടികളോ ഉണ്ടാകും.
അനധികൃതമായി ഉപഭോക്തൃവിവരങ്ങള്‍ പങ്കുവെക്കുന്നതുള്‍പ്പടെയുള്ള പ്രശ്‌നങ്ങളെ കുറിച്ചുള്ള ചോദ്യാവലിയാണ് മന്ത്രാലയം അയച്ചത്. ജൂലൈ 22നകം വിശദമായ മറുപടി കൃത്യമായി നല്‍കണം. ആല്ലാത്തപക്ഷം കടുത്ത നടപടികള്‍ ഉണ്ടാകും.
ഉപഭോക്താക്കളില്‍ നിന്ന് ടിക് ടോക്കും ഹെലോയും അമിതമായ വിവരശേഖരണം നടത്താറുണ്ടോ?, എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത്?, ചൈനയിലേക്ക് വിവരങ്ങള്‍ കടത്തുന്നുണ്ടോ?, ലഭിക്കുന്ന വിവരങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറുന്നുണ്ടോ എന്നീ ചോദ്യങ്ങളാണ് ഐടി മന്ത്രാലയം ചോദിച്ചിരിക്കുന്നത്.