ഇന്ത്യയിലെ ജനങ്ങള്‍ കശ്മീരിന്‍റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥാപിത താല്‍പ്പര്യക്കാരാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്നതെന്നും മോദി അഭിപ്രായപ്പെട്ടു. ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറയുന്നത്. രാജ്യത്തിന്‍റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ജമ്മു കശ്മീര്‍ വിഷയത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടതെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും മോദി പറഞ്ഞു.
രാജ്യസുരക്ഷയുടെയും ദേശീയതയുടെയും വികസനത്തിന്‍റെയും കാര്യമാണ് കശ്‌മീരില്‍ സര്‍ക്കാര്‍ പരിഗണിച്ചത്. അതില്‍ രാഷ്ട്രീയം തീരെയില്ല. എന്നാല്‍ ഈ തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ഭരണം കൊതിക്കുന്നവവരും ഭീകരതയോട് അനുതാപമുള്ളവരുമാണ്. കഴിഞ്ഞ എഴുപത് വര്‍ഷങ്ങളായി ജമ്മു കശ്മീരില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുകയായിരുന്നു. ഇനി അവിടേക്ക് വികസനം വരും. കാര്യങ്ങള്‍ ഇനി മാറും. അങ്ങനെ വികസനം സാധ്യമാകുന്നതിനായി ഞങ്ങള്‍ക്ക് ഒരവസരം തരൂ - പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. കശ്മീരിലെ ജനങ്ങളെ ബന്ധിച്ചിരുന്ന ചങ്ങല പൊട്ടിച്ചെറിയുകയാണ് ചെയ്തത്. വ്യക്തമായ നയത്തിന്‍റെയും ശരിയായ ലക്‍ഷ്യത്തിന്‍റെയും ഫലമായാണ് ഈ സര്‍ക്കാരിന് 75 ദിവസങ്ങള്‍ കൊണ്ട് നേട്ടങ്ങള്‍ സൃഷ്ടിക്കാനായത്. അത് സാധ്യമാക്കിയത് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടുണ്ടാക്കിയ അടിത്തറയാണ്.
അഴിമതി കുറയ്ക്കാനും നികുതി സംവിധാനം ഓണ്‍ലൈന്‍ വഴിയാക്കാനും കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ആദായ നികുതി നല്‍കുന്നവരുടെ എണ്ണം ഇരട്ടിയായാണ് വര്‍ദ്ധിച്ചത്. ചന്ദ്രയാന്‍ 2, മുത്തലാഖ് നിരോധനം, ജമ്മു കശ്മീരിന്‍റെയും ലഡാക്കിന്‍റെയും കാര്യത്തിലെടുത്ത തീരുമാനം, കര്‍ഷകരുടെ പ്രശ്നങ്ങള്‍, കുട്ടികളുടെ സുരക്ഷ തുടങ്ങി അനവധി കാര്യങ്ങള്‍ പുതിയ സര്‍ക്കാരിന് ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞു.