ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ ഉണ്ടായ സ്ഫോടന പരമ്പരകളെ തുടർന്ന് ഇന്ത്യയിലും സുരക്ഷ ശക്തമാക്കി. സ്ഫോടനത്തിന് പിന്നിലെ ഭീകരവാദികൾ കടൽമാർഗം ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേരളം ഉൾപ്പടെയുള്ള രാജ്യത്തെ തീരങ്ങൾ തീര സംരക്ഷണ സേന സുരക്ഷ ശക്തമാക്കി.
കൊച്ചിയിലെ നാവിക ആസ്ഥാനത്തും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സമുദ്രാതിർത്തിയിലൂടെ സംശയാസ്പദമായ രീതിയിൽ സഞ്ചരിക്കുന്ന ബോട്ടുകൾ കണ്ടെത്തുനതിനായി കൂടുതൽ കപ്പലുകളും ഡോർണിയർ വിമാനങ്ങളും സജ്ജീകരിച്ചതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.
പള്ളികളിലും ഹോട്ടലുകളിലുമായി എട്ട് ഇടങ്ങളീൽ നടന്ന ഭീകരാക്രമണത്തിൽ 290ഓളം പേർക്കാണ് ജീവൻ നഷ്ടമായത് 500ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വീണ്ടും ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശ്രീലങ്കയിൽ തിങ്കളാഴ്ച അർധരാത്രി മുതൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
നാഷനല്‍ തൗഫീത്ത് ജമാത്ത് എന്ന് ജിഹാദി തീവ്രവാദ സംഘമാണ് ഭീകരാക്രമണത്തിന് പിന്നിൽ എന്ന് ശ്രീലങ്ക സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു എങ്കിലും ജാഗ്രത പുലർത്തുന്നതിൽ പരാജയപ്പെട്ടു എന്ന് ശ്രീലങ്കൻ പ്രസിഡന്റ് ലെനിൽ വിക്രമസിംഗെ വ്യക്തമാക്കിയിരുന്നു.