അതിര്‍ത്തിയിലെ ദുരിതം വിവരിക്കുന്ന വിഡിയോ പുറത്തുവിട്ട ജവാനെ കാണാനില്ല
അതിർത്തിയിൽ പട്ടിണിയാണെന്ന് പരിതപിച്ച പട്ടാളക്കാരൻ അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്
അതിര്‍ത്തിയിലെ ജവാന്മാര് പട്ടിണിയിലാണെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയ ബിഎസ്എഫ് ജവാന് അറസ്റ്റിലായതായി അദ്ദേഹത്തിന്റെ ഭാര്യ. ബിഎസ്എഫ് ജവാന് തേജ് ബഹദൂര്‍ യാദവിന്റെ ഭാര്യ ഷർമിളയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
വീഡിയോ പുറത്തുവന്നതിന് ശേഷം ഭര്‍ത്താവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമായിരുന്നില്ല. ബിഎസ്എഫില്‍ നിന്ന് വിരമിക്കാന്‍ തേജ് ബഹദൂര്‍ യാദവിനോട് ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ മാനസികമായും ശാരീരികമായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നതായും ഷര്‍മ്മിള യാദവ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച തേജ് ബഹദൂർ വീട്ടിൽ എത്തേണ്ടതായിരുന്നു. എന്നാൽ അദ്ദേഹം ഇതുവരെ എത്തിയിട്ടില്ല. തേജ് ബഹദൂർ മറ്റൊരാളുടെ ഫോണിൽനിന്ന് തന്നെ വിളിച്ചതായും അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് അറിയിച്ചതായും ഷർമിള പറയുന്നു.
എഎൻഐ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് ഷർമിള ആരോപണം ഉന്നയിച്ചത്. എന്നാൽ ബിഎസ്എഫ് അധികൃതർ ഇക്കാര്യം നിഷേധിച്ചു. തേജ് ബഹാദൂര്‍ യാദവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ബിഎസ്എഫ് വൃത്തങ്ങള്‍ പ്രതികരിച്ചു. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.