സുപ്രീംകോടതിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ബാർ കൗണ്‍സിൽ നിയോഗിച്ച ഏഴംഗ സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തുടർ നടപടികൾ മറ്റ് ജഡ്ജിമാരുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്നും ജഡ്ജിമാർക്കിടയിലെ പ്രശ്നങ്ങള്‍ കോടതി നടപടികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും ചെലമേശ്വര്‍ വ്യക്തമാക്കി.
സുപ്രീം കോടതിയിലെ ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് ഇന്ന് സമവായശ്രമങ്ങളെല്ലാം ഊര്‍ജിതമാക്കിയിരുന്നു. തിങ്കളാഴ്ച കോടതി നടപടികൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ചീഫ് ജസ്റ്റീസുമായും ജഡ്ജിമാരുമായും ചർച്ച നടത്തിയതിനുശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നാണ് ബാർ കൗണ്‍സിൽ സമിതി അംഗങ്ങൾ അറിയിച്ചത്.
ഇന്ന് വൈകുന്നേരം 7.30 ന് ആണ് സമിതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി കൂടിക്കാഴ്ച നടത്തുന്നത്. ജഡ്ജിമാരുടെ പ്രകോപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ സിബിഐ സ്പെഷൽ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നാളെ സുപ്രീംകോടതി പരിഗണിക്കേണ്ടിയിരുന്ന പൊതുതാത്പര്യ ഹർജി ഒരു ദിവസത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.