ഡൽഹി: ഉത്തർപ്രദേശിലെ ഹത്രസിൽ ആക്രമണത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ അലഹബാദ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കട്ടെയെന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നോക്കാം എന്നും സുപ്രീം കോടതി. കേസ് കോടതിയുടെ മേൽനോട്ടത്തിൽ സിബിഐയോ എസ്ഐടിയോ അന്വേഷിയ്ക്കണം എന്ന ഹർജികൾ വിധിപറയാൻ മാറ്റിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമർശം.
ഉത്തർപ്രദേശിൽ നീതിപൂർണമായ വിചാരണ നടക്കില്ല എന്നും അതിനാൽ കോടതി ഡൽഹിയിലേയ്ക്ക് മാറ്റണം എന്നും പെൺകുട്ടിയുടെ കുടുംബത്തിനുവേണ്ടി അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. ഉന്നാവ് കേസിന് സമാനമായി പെൺകുട്ടിയുടെ കുടുംബത്തിന് സിആർപിഎഫിന്റെ സുരക്ഷ ഉറപ്പാക്കണം എന്നും ആവശ്യം ഇയർന്നു. പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട് എന്നും, സുരക്ഷ നൽകുന്നത് ആരായാലും എതിർപ്പില്ല എന്നും യുപി സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ സുപ്രീംകോടതി തന്നെ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിയ്ക്കണം എന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് കോടതിയിൽ ആവശ്യപ്പെട്ടു.