കന്നഡ സിനിമാലോകത്തെ പിടിച്ചുകുലുക്കി രേണുക സ്വാമി കൊലക്കേസില്‍ പുതിയ വഴിത്തിരിവ്. ജൂണ്‍ 9ന് ബെംഗളുരുവിലെ സോമനഹള്ളിയിലുള്ള ഒരു പാലത്തിന് താഴെയുള്ള അഴുക്കുചാലില്‍ നിന്നുമായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയിരുന്നതെങ്കിലും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് കൊലപാതകമെന്ന് തെളിയുകയായിരുന്നു. ആദ്യഘട്ടത്തില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തവരെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണം കന്നഡ സൂപ്പര്‍ താരമായ ദര്‍ശനിലേക്കെത്തിയത്.
ഇപ്പോഴിതാ മൃതദേഹം സൂക്ഷിച്ചെന്ന് കരുതുന്ന ഷെഡ്ഡിലേക്ക് ദര്‍ശന്റ് റാങ്‌ളര്‍ ജീപ്പ് വരുന്നതും പോകുന്നതുമായ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒന്‍പതാം തീയ്യതി പുലര്‍ച്ചെ മൂന്നരയോടെയാണ് ഈ വാഹനമടക്കം 2 വണ്ടികള്‍ ഷെഡില്‍ വരുന്നത്. നടന്റെ വീട്ടീലേക്ക് രേണുകാസ്വാമിയെ എത്തിച്ച ശേഷം സുഹൃത്തിന്റെ ഷെഡില്‍ കൊണ്ടുപോയി രേണുകാസ്വാമിയെ മര്‍ദ്ദിച്ച് അവശനാക്കിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി. മര്‍ദ്ദനത്തിനിടെ മരിച്ച ഇയാളെ മാലിന്യകൂമ്പാരത്തില്‍ കൊണ്ട് പോയി തള്ളുകയായിരുന്നുവെന്നാണ് നിഗമനം. അതേസമയം പവിത്ര ഗൗഡയേയും ദര്‍ശനെയും ഇന്ന് അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ദര്‍ശന്റെ വീട്ടില്‍ പരിശോധന നടത്താനും സാധ്യതയുള്ളതായാണ് വിവരം.