വിവാദങ്ങൾ നിലനിൽക്കെ എസ് പി ജി നിയമഭേദഗതി രാജ്യസഭ പാസാക്കി.1998 ലെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത് ഭേദഗതിയാണ് കേന്ദ്രം പാസാക്കിയത്. പുതിയ ഭേദഗതി പ്രകാരം രാജ്യത്തെ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും ഇനി എസ് പി ജി കാറ്റഗറിയിൽ സുരക്ഷ ലഭ്യമാവുക. ബിൽ നേരത്തെ തന്നെ ലോകസഭയിൽ പാസായിരുന്നു.
എന്നാൽ നിയമം പാസാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് സഭയിൽ നിന്നും ഇറങ്ങിപ്പോയി. നിയമഭേദഗതിയിൽ അമിത് ഷാ നൽകിയ മറുപടിയിൽ ത്രുപ്തരാകാതെയാണ് കോൺഗ്രസ്സ് പ്രതികരണം.
ബിൽ ഗാന്ധി കുടുംബത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന് വെറും ആരോപണങ്ങൾ മാത്രമാണെന്ന് അമിത് ഷാ വ്യക്തമാക്കി. നിയമഭേദഗതിയും ഗാന്ധി കുടുംബത്തിന് നൽകിയിരുന്ന എസ് പി ജി സുരക്ഷ പിൻവലിക്കലും തമ്മിൽ ബന്ധമില്ലെന്നും ബിൽ കൊണ്ടുവരുന്നതിന്റെ മുൻപ് നടത്തിയ സുരക്ഷാ അവലോകനത്തിന് ശേഷം ഗാന്ധി കുടുംബത്തിന് നൽകിയിരുന്ന എസ് പി ജി സുരക്ഷ നേരത്തെ തന്നെ പിൻവലിച്ചിരുന്നതായും അമിത് ഷാ പറഞ്ഞു.
ഇത് എസ് പി ജി വിഷയത്തിൽ നടക്കുന്ന അഞ്ചാമത്തെ ഭേദഗതിയാണ്. മുൻപ് നടന്ന നാല് ഭേദഗതികളും ഗാന്ധി കുടുംബത്തിന് വേണ്ടിയുള്ളതായിരുന്നുവെന്നും നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാകണമെന്നും പറഞ്ഞ അമിത് ഷാ ഏതെങ്കിലും ഒരു കുടുംബത്തിനെതിരല്ല തങ്ങളെന്നും എന്നാൽ കുടുംബാധിപത്യത്തിനെതിരാണെന്നും രാജ്യസഭയിൽ വ്യക്തമാക്കി. ഇതിന് ശേഷമാണ് നിയമഭേദഗതി രാജ്യസഭ പാസാക്കിയത്. പിന്നാലെ കോൺഗ്രസ്സ് സഭ ബഹിഷ്കരിക്കുകയായിരുന്നു.