കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്താൻ എംപി ഫണ്ട് അടക്കം സർക്കാർ വെട്ടിചുരുക്കിയതിന് പിന്നാല ഫണ്ട് എത്തരത്തിൽ വിനിയോഗിക്കണമെന്ന് നിർദേശങ്ങളുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സജ്ജമാക്കിയ പിഎം കെയർ ഫണ്ട‌് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് മാറ്റണമെന്നും സോണിയ ആവശ്യപ്പെട്ടു.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് സുതാര്യതയും വിശ്വാസവും ഉറപ്പ് വരുത്താൻ ഇത് സഹായിക്കുമെന്ന് സോണിയ പ്രധാനമന്ത്രിക്കയച്ച കത്തിൽ പറയുന്നു.പ്രധാനമന്ത്രി, മറ്റു കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അടുത്ത ഒരു വർഷത്തേക്ക് വിദേശയാത്രകൾ ഒഴിവാക്കണമെന്നും അടുത്ത ഒരു വർഷം പരസ്യ-പ്രചരണങ്ങൾക്കായി സർക്കാർ പണം ചിലവാക്കരുതെന്നും സോണിയ നിർദേശിക്കുന്നു.പുതിയ പാർലമെന്റ് മന്ദിരവും കേന്ദ്രസർക്കാർ ഓഫീസുകളും നിർമ്മിക്കാനുള്ള പദ്ധതികളും താത്കാലികമായി നിർത്തിവെക്കാമെന്നും പദ്ധതിചിലവുകൾ വെട്ടിക്കുറയ്‌ക്കണമെന്നും സോണിയ കത്തിൽ ആവശ്യപ്പെടുന്നു.