ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അവസാന നാളുകളില്‍ ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി സി ചാക്കോയുടെ പ്രസ്താവനകളില്‍ അസ്വസ്ഥയായിരുന്നു എന്നാരോപിച്ച് മകന്‍ സന്ദീപ് ദീക്ഷിത് രംഗത്തെത്തി. പി സി ചാക്കോയ്ക്ക് അയച്ച കത്തിലാണ് സന്ദീപ് ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഷീലാ ദീക്ഷിത്തിന്‍റെ ആരോഗ്യം മോശമായതിന് ചാക്കോയുടെ പ്രസ്താവനകള്‍ ഘടകമായതായി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ചാക്കോയ്ക്ക് കത്തയച്ചതായി സന്ദീപ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സന്ദീപ് തയ്യാറായില്ല.
തനിക്കുലഭിച്ച കത്തിന്‍റെ പകര്‍പ്പ് പി സി ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചുകൊടുത്തതായി ചാക്കോ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയ ചാക്കോയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ ആവശ്യപ്പെട്ടു. ചാക്കോയെ ഡല്‍ഹിയുടെ ചുമതലയില്‍ നിന്ന് നീക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ഷീല ദീക്ഷിതിന്‍റെ അസുഖത്തേക്കുറിച്ച് പി സി ചാക്കോ നടത്തിയ പ്രസ്താവനകള്‍ അവസാന നാളുകളില്‍ അവരെ അസ്വസ്ഥയാക്കിയിരുന്നു എന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചാക്കോയുമായി ഷീലയും തമ്മിലുള്ള വാക്കുതര്‍ക്കം ഡല്‍ഹി കോണ്‍ഗ്രസിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.