ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കായതിനോട് വിയോജിപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. അയോധ്യയില്‍ രാമക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
370-ആം അനുച്ഛേദം എല്ലാ കാലത്തും അതേപടി നിലനിര്‍ത്തുന്നതിനായി വാദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അത് എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നായിരുന്നു നെഹ്റുവിന്റെയും കാഴ്ചപ്പാടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീരില്‍ അത് നടപ്പാക്കുകയും ചെയ്ത രീതി ഭരണഘടനയ്ക്ക് നിരക്കുന്നതായിരുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി തരൂരിന്റെ പുതിയ പ്രസ്താവന.
അയോധ്യയുമായി ബന്ധപ്പെട്ട ചരിത്രം ആഴത്തില്‍ പരിശോധിച്ചാല്‍ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് വ്യക്തമാകുന്നത്. അവിടുത്തെ ജനങ്ങളുടെ വിശ്വാസം അതൊരു രാമക്ഷേത്രം ആയിരുന്നു എന്നാണ്. മറ്റു സമുദായങ്ങളുടെ ആരാധനാ സ്ഥലങ്ങള്‍ നശിപ്പിക്കാതെ അവിടൊരു ക്ഷേത്രം ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു.