എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ജയിച്ചത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആണെങ്കിലും പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചയായ പേര് ശശി തരൂരിന്റേതാണ്. തോറ്റിട്ടും ജയിച്ച തരൂര്‍ ബ്രില്ല്യന്‍സ് ! ഖാര്‍ഗെയ്ക്ക് 7897 വോട്ടുകളാണ് ലഭിച്ചത്. ശശി തരൂരിന് ആയിരത്തില്‍ പരം വോട്ടുകളും. എങ്കിലും തരൂരിന് കിട്ടിയ ആയിരം വോട്ടുകള്‍ക്ക് തിളക്കം കൂടുതലാണ്.
പാര്‍ട്ടിക്കുള്ളില്‍ മാത്രം ഒതുങ്ങിപ്പോകാവുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിനെ രാജ്യത്തെ ജനങ്ങളിലേക്ക് എത്തിക്കുകയും അതേ കുറിച്ച് വലിയ ചര്‍ച്ചയാക്കുകയും ചെയ്തത് തരൂരാണ്. അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ഒരു മാറ്റത്തിനു വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു തരൂര്‍. പ്രവര്‍ത്തകര്‍ തങ്ങളുടെ അധ്യക്ഷനെ തിരഞ്ഞെടുക്കുക എന്ന ജനാധിപത്യ രീതിയിലേക്ക് എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് എത്തണമെന്ന് തരൂരിന് ശാഠ്യമുണ്ടായിരുന്നു.
പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ തനിക്കെതിരെ ശക്തമായ എതിര്‍പ്പുണ്ടായപ്പോഴും തരൂര്‍ തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഉറച്ചുനിന്നു. കോണ്‍ഗ്രസിനുള്ളിലെ അനിഷേധ്യനായ നേതാവ് തന്നെയാണ് താനെന്ന് ആയിരത്തിലധികം വോട്ടുകള്‍ നേടി കാണിച്ചുതരുകയും ചെയ്തു.