ബ്ലൂവെയില്‍ ഗെയിം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയോട് കേന്ദ്രസര്‍ക്കാര്‍; ബോധവല്‍ക്കരണ ക്യാംപയിനുകള്‍ നടത്തണമെന്ന് കോടതി
ബ്ലൂവെയില്‍ നിയന്ത്രിക്കാനാവില്ലെന്ന് സുപ്രീംകോടതിയോട് കേന്ദ്രസര്‍ക്കാര്‍
ബ്ലൂവെയില്‍ ഗെയിം നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ മുഖേന ലഭ്യമാകുന്ന ഗെയിമുകള്‍ നിയന്ത്രിക്കുന്നതില്‍ പരിമിതിയുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. വാട്ട്സാപ്പിലൂടെയും മറ്റുള്ള സന്ദേശങ്ങള്‍ വഴിയും ഓണ്‍ലൈനായാണ് ബ്ലൂവെയില്‍ ഗെയിം ലഭിക്കുന്നത്. ഇത്തരം ആപ്പുകള്‍ വഴി ലഭിക്കുന്നതിനാല്‍ കാര്യക്ഷമമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പ്രയാസകരമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള വിദേശ നെറ്റ് വര്‍ക്കിങ്ങ് കേന്ദ്രങ്ങളില്‍ ഗെയിം തടയുക, ഇത്തരം സൈറ്റുകളെല്ലാം രാജ്യത്ത് വിലക്കുക, ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിനായി നെറ്റ്‌വര്‍ക്ക്, ഇന്റര്‍നെറ്റ് ,വെബ് ഹോസ്റ്റിങ്ങ് എന്നിങ്ങനെയുള്ള സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് അഭിഭാഷകയായ സ്‌നേഹ കലിത നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഈ നിലപാട് വ്യക്തമാക്കിയത്.
സര്‍ക്കാരിന്റെ വാദങ്ങള്‍ പരിഗണിച്ച കോടതി സംസ്ഥാന അടിസ്ഥാനത്തില്‍ ബോധവല്‍ക്കരണ ക്യാംപയിനുകള്‍ നടത്താന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ബ്ലൂവെയില്‍ എന്നത് ഒരു ദേശീയ ദുരന്തമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇത്തരം അപകടകരമായ ഓണ്‍ലൈന്‍ ഗെയിമുകളെ കുറിച്ച് മനസിലാക്കികൊടുക്കണം. ദൂരദര്‍ശനിലൂടെയും മറ്റു സ്വകാര്യചാനലുകളിലൂടെയും ഗെയിമിന്റെ അനന്തരഫലങ്ങളെ കുറിച്ച് വ്യക്തമായ ധാരണ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.