രാജ്യത്ത് പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ കര്‍ഷകരെ പിന്തുണച്ചും ആര്‍എസ്എസിനെതിരെ പരോക്ഷ വിമര്‍ശനമുയര്‍ത്തിയും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ദേശീയത എന്നുള്ളത് കർഷകരുടെ ക്ഷേമമാണെന്നും നാഗ്‌പൂരിൽ ട്രൗസറും ധരിച്ച് പ്രസംഗിക്കുന്നതല്ലെന്നും സച്ചിൻ പറഞ്ഞു.
നാം കര്‍ഷകരുടെ ക്ഷേമത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അതാണ് ദേശീയവാദം. മുറി ട്രൗസര്‍ ധരിച്ചുകൊണ്ട് നാഗ്പുരില്‍ നിന്ന് പ്രസംഗം നടത്തുന്നതല്ല ദേശീയത. ആർഎസ്എസിന്റെ പേരെടുത്ത് പറയാതെ സച്ചിൻ വിമർശിച്ചു.
ഏതെങ്കിലും തീരുമാനങ്ങള്‍ പിന്‍വലിക്കുന്നതോ റദ്ദാക്കുന്നതോ സര്‍ക്കാരിനെ തോല്‍പിക്കില്ലെന്ന് കേന്ദ്രം മനസിലാക്കണം. പുതിയ കാര്‍ഷിക നിയമങ്ങള്‍ പാസാക്കുക വഴി കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിയിടുകയാണ് ബിജെപി ചെയ്യുന്നത്. കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി വരുംദിവസങ്ങളില്‍ കൂട്ടായി സമ്മര്‍ദം ചെലുത്തുകയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും സച്ചിൻ പറഞ്ഞു.