റയാൻ സ്കൂളിലെ കൊലപാതകം; അറസ്റ്റിലായ പ്ലസ് വൺ വിദ്യാർത്ഥി കുറ്റസമ്മതം നടത്തിയെന്ന് സിബിഐ
കണ്ണില്ലാത്ത ക്രൂരത; റയാൻ സ്കൂളിലെ കൊലപാതകത്തിനു പിന്നിൽ?
റയാൻ ഇന്റർനാഷ്ണൽ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പ്രധ്യുമനെ കൊലപ്പെടുത്തിയത് താനാണെന്ന് പിടിയിലായ പ്ലസ് വൺ വിദ്യാർത്ഥി കുറ്റസമ്മതം നടത്തിയെന്ന് സിബിഐ. തന്റെ പിതാവിന്റേയും ഒരു സ്വതന്ത്ര സാക്ഷിയുടെയും മുന്നിൽ വെച്ചാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്.
ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ പിടിയിലായത്. അന്വേഷണം സിബിഐ ശക്തമാക്കിയിരിക്കുകയാണ്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിക്കും. കുട്ടിക്കുനേരെ ലൈംഗിക പീഡനം നടന്നതായി കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ അറിയിച്ചു.
പരീക്ഷ മാറ്റിവയ്ക്കാൻ വേണ്ടിയായിരുന്നു ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പിടിയിലായ വിദ്യാർഥി സിബിഐയ്ക്ക് മൊഴി നല്‍കിയതായി നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ, സി ബി ഐ ഇക്കാര്യം ഇപ്പോഴാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പ്ലസ് വൺ വിദ്യാർഥിയുടെ അറസ്റ്റോടെ നിർണയക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ഈ കേസിൽ സ്കൂൾ ബസ് ഡ്രൈവറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രദ്യുമ്നന്റെ പിതാവ് വരുൺ ചന്ദ്ര ഠാക്കൂർ ഹർജി നൽകിയിരുന്നു. ബസ് ജീവനക്കാരും മറ്റുള്ളവരുമെല്ലാം കുട്ടികളുടെ ശുചിമുറിയാണ് ഉപയോഗിച്ചിരുന്നത് എന്നതാണു പ്രധാന വീഴ്ചയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഡ്രൈവറെ അറസ്റ്റ് ചെയ്തത്.