തമിഴ്‌നാട്ടിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷകളായിരുന്നു ബി ജെ പി വച്ചുപുലര്‍ത്തിയിരുന്നത്. രജനീകാന്ത് എന്ന താരചക്രവര്‍ത്തിയെ ചുറ്റിപ്പറ്റിയായിരുന്നു ബി ജെ പിയുടെ സ്വപ്നങ്ങളത്രയും. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന രജനിയുടെ പ്രഖ്യാപനത്തോടെ ബി ജെ പിയുടെ എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്.
വരുന്ന തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി എം കെയെ മാത്രം കൂട്ടുപിടിച്ച് അധികാരത്തിലെത്താമെന്ന പ്രതീക്ഷ ബി ജെ പിക്കില്ല. രജനികാന്തിന്‍റെ പാര്‍ട്ടിയെ കൂടെച്ചേര്‍ത്ത് അത് സൃഷ്ടിക്കുന്ന തരംഗത്തില്‍ തമിഴകത്ത് താമരശോഭ പടര്‍ത്താമെന്നാണ് അമിത് ഷാ കണക്കുകൂട്ടിയത്.
അമിത് ഷാ അടുത്തിടെ നടത്തിയ തമിഴ്‌നാട് സന്ദര്‍ശനത്തിന്‍റെയും രജനിയുമായുള്ള കൂടിക്കാഴ്‌ചയുടെയുമെല്ലാം ലക്‍ഷ്യം അതായിരുന്നു. എന്നാല്‍ അതെല്ലാം രജനിയുടെ പുതിയ തീരുമാനത്തോടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
പളനിസാമി സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉയരുമെന്നും ഡി എം കെ അധികാരത്തിലെത്തുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. ബി ജെ പിക്കും അതേക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ ബി ജെ പിക്ക് ലഭിച്ച പിടിവള്ളിയായിരുന്നു രജനികാന്ത്. അതാണ് ഇപ്പോള്‍ കൈവിട്ടുപോയിരിക്കുന്നത്.