വയനാട്ടിലെ കർഷക ആത്മഹത്യ; കേന്ദ്രത്തിന് വിമർശനം, കേരളത്തിന് പിന്തുണ- രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞതിങ്ങനെ
കേരളത്തില്‍ ഒന്നര വര്‍ഷം കൊണ്ട് ബാങ്ക് നടപടികളാല്‍ 18 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.
വയനാട്ടില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കാര്യം പറഞ്ഞാണ് രാഹുല്‍ തുടങ്ങിയത്. എണ്ണായിരത്തോളം കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു. അവര്‍ ഒഴിപ്പിക്കല്‍ ഭീഷണി നേരിടുകയാണ്. സര്‍ഫാസി നിയമപ്രകാരം അവരുടെ വസ്തുക്കള്‍ ബാങ്കുകള്‍ ജപ്തി ചെയ്യുന്നു. കേരളത്തില്‍ ഒന്നര വര്‍ഷം കൊണ്ട് ബാങ്ക് നടപടികളാല്‍ 18 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കാര്‍ഷവായ്പകള്‍ തിരിച്ചടക്കുന്നതിന് 2019 ഡിസംബര്‍ 31 വരെ സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഈ മൊറട്ടോറിയം അംഗീകരിച്ച് നടപടികള്‍ ഒഴിവാക്കുന്നതിന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ റിസര്‍വ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുന്നില്ല.
കഴിഞ്ഞ അഞ്ച് വര്‍ഷം ബിജെപി സര്‍ക്കാര്‍ 4.3 ലക്ഷം കോടി രൂപ നികുതി ഇളവ് നല്‍കി. 5.5 ലക്ഷത്തിന്റെ ഇളവുകള്‍ സമ്പന്നരായ വ്യവസായികള്‍ക്ക് നല്‍കി. എന്തുകൊണ്ടാണ് ഈ ഇരട്ടത്താപ്പ്. സമ്പന്നര്‍ക്ക് നല്‍കുന്ന പരിഗണന എന്തുകൊണ്ട് കര്‍ഷകര്‍ക്ക് നല്‍കുന്നില്ല. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന യാതൊരു ക്രിയാത്മക പദ്ധതികളും ഇത്തവണത്തെ ബജറ്റിലില്ല എന്നത് നിരാശാജനകമാണ്.
കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം പരിഗണിക്കാന്‍ ആര്‍ബിഐയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണം. റിക്കവറി നോട്ടീസുകളുമായി ബാങ്കുകള്‍ വായ്പയെടുത്തവരെ ഭീഷണിപ്പെടുത്തുന്ന നിലയുണ്ടാകില്ല എന്ന് ഉറപ്പുവരുത്തണം. അഞ്ച് വര്‍ഷം മുമ്പ് പ്രധാനമന്ത്രി രാജ്യത്തെ കര്‍ഷകര്‍ക്ക് ചില ഉറപ്പുകളും വാഗ്ദാനങ്ങളും നല്‍കിയിരുന്നു. ഉല്‍പ്പന്നങ്ങളുടെ വില, കാര്‍ഷിക വായ്പ തുടങ്ങിയവ സംബന്ധിച്ച്. രാജ്യത്തെ കര്‍ഷകരുടെ നില പരിതാപകരമാണ്. ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നല്‍കിയ ഉറപ്പുകള്‍ പാലിക്കണം.