പെട്രോൾ പമ്പിലെ പണമിടപാട്; സർവീസ് ചാർജ് ബാങ്കുകളും കമ്പനികളും നൽകണം
ബാങ്കുകൾക്കും എണ്ണ കമ്പനികൾക്കും പണികൊടുത്ത് കേന്ദ്ര സർക്കാർ
പെട്രോൾ പമ്പുകളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകളുടെ സർവീസ് ചാർജുകൾ ബാങ്കുകളും എണ്ണ വിതരണ കമ്പനികളും വഹിക്കണമെന്ന് കേന്ദ്ര സർക്കാർ. ഡിജിറ്റല്‍ പണമിടപാടില്‍ പമ്പുടമകളോ ഉപഭോക്താക്കളോ അധികബാധ്യത വഹിക്കേണ്ടിവരില്ല എന്നത് ആശ്വാസകരമായിരിക്കുകയാണ്. കേന്ദ്ര എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ബാങ്കുകളും എണ്ണ വിതരണക്കമ്പനികളുമാകും ഇതു നൽകേണ്ടി വരികയെന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇതൊരു വാണിജ്യപരമായ തീരുമാനമാണ്. ഇതോടെ, പമ്പുകളിലെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച് തുടരുന്ന തര്‍ക്കത്തിന് താല്‍ക്കാലിക വിരാമമായി. നേരത്തേ, ഡിജിറ്റല്‍ പണമിടപാടിന് പെട്രോള്‍ പമ്പുടമകളില്‍നിന്ന് സര്‍വിസ് ചാര്‍ജ് ഈടാക്കിയത് വിവാദത്തിന് ഇടയാക്കിയിരുന്നു.
വിവാദങ്ങൾ വർധിച്ചതോടെ ഇത് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ഇളവുകൾ അവസാനിച്ചതോടെ എംഡിആർ പെട്രോൾ പമ്പുകൾ അടയ്ക്കേണ്ട സ്ഥിതിവന്നു. തുടർന്ന് കാർഡുവഴിയുള്ള പണമിടപാട് ഇനി സ്വീകരിക്കില്ലെന്നു പമ്പുടമകൾ നിലപാടെടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ ഇതിലിടപെട്ടത്.
സർവീസ് ചാർജ് എപ്രകാരം ഈടാക്കണമെന്ന് തീരുമാനിക്കാൻ ബാങ്കുകളും എണ്ണ വിതരണക്കമ്പനികളും ചർച്ച നടത്തിവരികയാണ്. ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഇനത്തില്‍ വരുന്ന അധികതുകയുടെ ബാധ്യത ബാങ്കുകള്‍ക്കും എണ്ണക്കമ്പനികള്‍ക്കുമാണ്. ഇത് എങ്ങനെ വിഹിതം വെക്കണമെന്ന് ഇരുവരും കൂടിയിരുന്ന് തീരുമാനിക്കട്ടെയെന്ന് മന്ത്രി വ്യക്തമാക്കി.