കൊവിഡ് വ്യാപന ഭീതിക്കിടയിലും നീറ്റ്,ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്നുള്ള നിരന്തരമായ സമ്മർദത്തിന്റെ ഭാഗമായാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍. മെഡിക്കൽ, എൻജിനിയറിങ് പ്രവേശനപരീക്ഷകൾ അടുത്തമാസം നടത്തുവാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ വിമർശനങ്ങൾ ഉയർന്നതിന് പിന്നലെയാണ് മന്ത്രിയുടെ വിശദീകരണം.
പരീക്ഷകൾ അനിശ്ചിതകാലം നീളുന്നതിൽ വിദ്യാർഥികൾ പരിഭ്രാന്തരായിരുന്നു. ജെഇഇ പരീക്ഷയ്ക്കായി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌ത 80 ശതമാനം വിദ്യാർഥികളും പരീക്ഷ എഴുതുമെന്നും മന്ത്രി വ്യക്തമാക്കി. എത്രകാലം പരീക്ഷ നീട്ടിവെക്കുമെന്നായിരുന്നു വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്നുള്ള ചോദ്യം.
ഞങ്ങൾ വിദ്യാർഥികൾക്കൊപ്പമാണ്. അവരുടെ സുരക്ഷയാണ് പ്രധാനം. അതുകഴിഞ്ഞ് മാത്രമാണ് വിദ്യഭ്യാസമെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപന സാഹചര്യത്തിൽ കൊവിഡ് നടപടികൾ പാലിച്ചുകൊണ്ടായിരിക്കും മെഡിക്കൽ എൻജിനിയറിങ് പ്രവേശന പരീക്ഷ നടക്കുക.