യുഎന്‍ സമ്മേളനത്തിന് പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിനായി പാകിസ്ഥാന്‍ വ്യോമപാത നിഷേധിച്ചു.
പാക് വ്യോമപാത വഴി മോദിയുടെ പ്രത്യേക വിമാനത്തിന് കടന്നുപോകാനുള്ള അനുമതി നൽകില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.
ആവശ്യം പാകിസ്ഥാന്‍ നിരസിച്ചതോടെ ഒമാൻ വഴിയാകും മോദി അമേരിക്കയിലേക്ക് പറക്കുക. സെപ്റ്റംബര്‍ 21 ആണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. സെപ്റ്റംബര്‍ 27 നാണ് യുഎന്‍ സമ്മേളനം ആരംഭിക്കുന്നത്.
ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി പാക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി തേടുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഫ്രാന്‍സ് സന്ദര്‍ശനത്തിനായി പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടിയിരുന്നു. അന്ന് പാകിസ്താന്‍ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.
നേരത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് യാത്ര ചെയ്യാനും ഇന്ത്യ പാകിസ്താന്റെ അനുമതി തേടിയിരുന്നുവെങ്കിലും ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. ഐസ്‍ലൻഡ്, സ്വിറ്റ്‍സർലൻഡ്, സ്ലോവേനിയ എന്നീ മൂന്ന് രാജ്യങ്ങളിലേക്കായിരുന്നു അദ്ദേഹത്തിന് പോകേണ്ടിയിരുന്നത്.