ശരീരം മുഴുവൻ മറയ്ക്കാതെ സഞ്ചാരികൾക്ക് പ്രവേശനമില്ല; ലഖ്‌നൗവിലെ ചരിത്ര സ്മാരകം കാണാനെത്തുന്നവർക്ക് പുതിയ നിബന്ധന
ലക്നൗവിലെ ഷിയ സമുദായത്തിന്റെ താല്‍പര്യ പ്രകാരമാണ് മജിസ്‌ട്രേറ്റായ കൗശല്‍ രാജ് ശര്‍മ്മ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്.
ലഖ്‌നൗവിലെ ചരിത്ര സ്മാരകമായ ഇമാംബറ കാണാനെത്തുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ജില്ലാ മജിസ്‌ട്രേറ്റ്. മാന്യമായ വസ്ത്രം ധരിച്ചവരെ മാത്രമേ ഇമാംബറയില്‍ പ്രവേശനമനുവദിക്കൂ എന്നാണ് പുതിയ നിര്‍ദ്ദേശം. പ്രധാനമായും സ്ത്രീകളെ ഉദ്ദേശിച്ചാണ് നിര്‍ദ്ദേശം. ലക്നൗവിലെ ഷിയ സമുദായത്തിന്റെ താല്‍പര്യ പ്രകാരമാണ് മജിസ്‌ട്രേറ്റായ കൗശല്‍ രാജ് ശര്‍മ്മ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്.
സന്ദര്‍ശകര്‍ ശരീരം മുഴുവനും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണം. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളോ മേല്‍വസ്ത്രങ്ങളോ ധരിക്കുന്നവര്‍ക്ക് ലക്നൗവിലെ ചെറിയ ഇമാംബറിലും വലിയ ഇമാംബറിലും പ്രവേശനം അനുവദിക്കുകയില്ലെന്ന് കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞു. മതവികാരത്തെ വൃണപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിച്ച് ആരെങ്കിലുമെത്തിയാല്‍ അവര്‍ക്ക് ഗാര്‍ഡുകളും ഗൈഡുകളും നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സ്മാരകത്തില്‍ ഫോട്ടോഗ്രഫിക്കും നിരോധനമുണ്ട്. ഇറക്കം കുറഞ്ഞതും ശരീരം പുറത്ത് കാണുന്ന രീതിയിലുമുള്ള വസ്ത്രങ്ങള്‍ ധരിച്ചും ഇവിടേക്ക് സഞ്ചാരികളെത്തിയതാണ് ഷിയ നേതാക്കള്‍ക്ക് പ്രകോപനമായത്. തുടര്‍ന്നാണ് സഞ്ചാരികളുടെ വസ്ത്ര ധാരണത്തില്‍ നിബന്ധന വേണമെന്ന് ആവശ്യപ്പെട്ട് ഷിയനേതാക്കളും ചരിത്രകാരന്മാരും ഉള്‍പ്പടെയുള്ളവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി ആദിത്യനാഥിനും ജില്ലാ ഭരണകൂടത്തിനും കത്തയച്ചത്.