ക്രിസ്മസിനു മുമ്പ് കാണാതായവരെ തിരിച്ചെത്തിക്കുമെന്ന് മോദി; 7340 കോടിയുടെ പാക്കേജ് അനുവദിക്കണമെന്ന് കേരളം
ക്രിസ്മസിനു മുമ്പ് കാണാതായവരെ തിരിച്ചെത്തിക്കുമെന്ന് മോദി; 7340 കോടിയുടെ പാക്കേജ് അനുവദിക്കണമെന്ന് കേരളം
ഓഖി ചുഴലിക്കാറ്റിൽ കഷ്ടത അനുഭവിക്കുന്നവരുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തബാധിതർക്കു സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്തു നൽകും. ക്രിസ്മസിനു മുമ്പ് കാണാതായവരെ തിരിച്ചെത്തിക്കും. കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തെയും പൂന്തുറയിലെയും മൽസ്യത്തൊഴിലാളികളാണ് മോദിയെ കാണാൻ എത്തിയത്. വൈകുന്നേരം 4.50 ഓടെയാണ് പൂന്തുറ കമ്യൂണിറ്റി ഹാളിലെത്തി അദ്ദേഹം ദുരന്ത ബാധിതരെ കണ്ടത്.
ദുരന്തം ഉണ്ടായതിന് പിന്നാലെ നിരവധി പേരെ രക്ഷിക്കാന്‍ സാധിച്ചുവെങ്കിലും നിര്‍ഭാഗ്യവശാല്‍ ജീവൻ നഷ്ടമായവരുണ്ട്. അവരുടെ കുടുംബത്തിന്റെ വേദന മനസിലാക്ക് കേന്ദ്ര സർക്കാർ ആവശ്യമായ സഹായങ്ങൾ നൽകും. കേന്ദ്രം ജനങ്ങൾക്കൊപ്പമായതിനാലാണ് കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ തന്നെ നേരിട്ട് കേരളത്തിലെത്തിയതെന്നും മോദി പറഞ്ഞു.
അതേസമയം, ചുഴലിക്കാറ്റ് വിതച്ച ദുരിതം നേരിടാൻ 7340 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് കേരളം ആവശ്യപ്പെട്ടു. അടിയന്തര സഹായമായി 1200 കോടി രൂപ അനുവദിക്കണമെന്നും ദീർഘകാല പാക്കേജായി 7340 കോടി അനുവദിക്കണമെന്നും മുഖ്യമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുമായി നടത്തിയ
കൂടിക്കാഴ്ചയില്‍ കേരളം ആവശ്യപ്പെട്ടു.
കേരളത്തിന്റെ ആവശ്യങ്ങളും ദുരന്ത കെടുതികളും വിലയിരുത്തിയ പ്രധാനമന്ത്രി ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പു നൽകി. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന കേരളത്തിന്റെ പരാതി പരിശോധിക്കുമെന്നും മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സഹായം നൽകാമെന്നും പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി.