നരേന്ദ്ര മോദി ഭരണത്തുടര്‍ച്ച നേടുമെന്ന ലോക്‍സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ട മുസ്ലിം കുടുംബം കുഞ്ഞിന്റെ പേര് മാറ്റി. ബന്ധുക്കളുടെയും സമുദായത്തിന്റെയും എതിര്‍പ്പ് ശക്തമായതോടെ അൽതാഫ് ആലം മോദി എന്ന് കുഞ്ഞിന് പുതിയ പേരിട്ടു.
മെയ് 23ന് ജനിച്ച കുഞ്ഞിന്റെ പേര് ഒരാഴ്‌ച കഴിയും മുമ്പേ കുടുംബം മാറ്റി. ജനനവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ആരും പങ്കെടുക്കാതിരിക്കുകയും എതിര്‍പ്പ് ശക്തമാകുകയും ചെയ്‌തതോടെയാണ് പേര് മാറാന്‍ തീരുമാനിച്ചതെന്ന് കുഞ്ഞിന്റെ അമ്മ മേനാസ് ബീഗം പറഞ്ഞു.
യുപിയിലെ ഗോണ്ടയിൽ ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദിയെന്ന് പേരിട്ടത് ഇന്ത്യയൊട്ടാകെ വാർത്തയായിരുന്നു. മോദി വീണ്ടും അധികാരത്തിലെത്തുമെന്നറിഞ്ഞതോടെ ദുബായിലുള്ള ഭര്‍ത്താവുമായി സംസാരിച്ച് കുഞ്ഞിന് നരേന്ദ്ര മോദി എന്ന പേര് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് മുമ്പ് മേനാസ് ബീഗം പറഞ്ഞത്.
അതേസമയം കുഞ്ഞിന്റെ ജനന തീയ്യതി സംബന്ധിച്ച് മറ്റൊരു വിവാദം കൂടി ആരംഭിച്ചു. കുഞ്ഞ് ജനിച്ചത് മെയ് 12 നാണെന്ന് പ്രസവം നടന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ജനന രജിസ്ട്രേഷന് തെറ്റായ തീയ്യതിയാണ് മേനാസ് ബീഗം നൽകിയതെന്നും അവര്‍ ആരോപിച്ചു.