Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അവനവനില്‍ വിശ്വസിക്കൂ'; യുവതികളോട് വിശ്വസുന്ദരി, മിസ് യൂണിവേഴ്‌സ് കിരീടം കിട്ടാന്‍ കാരണമായത് ഈ ഉത്തരം

'അവനവനില്‍ വിശ്വസിക്കൂ'; യുവതികളോട് വിശ്വസുന്ദരി, മിസ് യൂണിവേഴ്‌സ് കിരീടം കിട്ടാന്‍ കാരണമായത് ഈ ഉത്തരം
, തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (11:35 IST)
21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിസ് യൂണിവേഴ്‌സ് പട്ടം ഇന്ത്യയിലേക്ക് എത്തുന്നത്. പഞ്ചാബ് സ്വദേശിയായ 21 കാരി ഹര്‍നാസ് സന്ധുവാണ് 2021 ലെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയത്. ഇസ്രയേലിലെ ഏയ്ലറ്റില്‍ നടന്ന മിസ് യൂണിവേഴ്‌സ് പോരാട്ടത്തില്‍ ഹര്‍നാസ് സന്ധുവിനെ കിരീടം ചൂടാന്‍ സഹായിച്ച ചോദ്യവും അതിനു താരം നല്‍കിയ മറുപടിയും എന്താണെന്ന് അറിയാമോ? 
 
മത്സരത്തിലെ പ്രധാന റൗണ്ടില്‍ വിധികര്‍ത്താക്കള്‍ ഹര്‍നാസിനോട് ചോദിച്ചത് ഇങ്ങനെ: 'കൗമാരക്കാരും യുവതികളും ഇന്ന് നേരിടുന്ന സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ എന്ത് ഉപദേശമാണ് നിങ്ങള്‍ക്ക് നല്‍കാനുള്ളത്?' ഈ ചോദ്യത്തിന് വളരെ പക്വതയോടെയാണ് 21 കാരി ഹര്‍നാസ് മറുപടി നല്‍കിയത്. 
 
അവനവനില്‍ വിശ്വാസമില്ലാതിരിക്കുക എന്നതാണ് ഇന്നത്തെ യുവത നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദമെന്ന് ഹര്‍നാസ് മറുപടി പറഞ്ഞു. 'അവനവനില്‍ വിശ്വസിക്കുകയാണ് ആദ്യം വേണ്ടത്. നാം എല്ലാവരും വ്യത്യസ്തരാണ്. അതാണ് നമ്മളെ കൂടുതല്‍ നല്ലവരാക്കുന്നതും. അക്കാര്യം തിരിച്ചറിയുക. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്ന സ്വഭാവം അവസാനിപ്പിക്കുക. ലോകത്ത് സംഭവിക്കുന്ന മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് നമുക്ക് സംസാരിക്കാം. പുറത്തുവരൂ, നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ സംസാരിക്കൂ, കാരണം നിങ്ങളുടെ ജീവിതത്തിന്റെ യജമാനന്‍ നിങ്ങള്‍ തന്നെയാണ്. നിങ്ങളുടെ സ്വരം നിങ്ങളാണ്. ഞാന്‍ എന്നില്‍ വിശ്വസിച്ചു. അതുകൊണ്ടാണ് ഇപ്പോള്‍ ഇവിടെ ഇങ്ങനെ നില്‍ക്കുന്നത്,' ഹര്‍നാസ് പറഞ്ഞു. 
 
വിശ്വസുന്ദരി പട്ടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹര്‍നാസ്. 1994 ല്‍ സുസ്മിത സെന്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി വിശ്വസുന്ദരി പട്ടം നേടിയത്. പിന്നീട് രണ്ടായിരത്തില്‍ ലാറ ദത്ത് മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 21 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് സന്ധുവിന്റെ കിരീടനേട്ടം. 2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

21 വര്‍ഷത്തിനു ശേഷം ഇന്ത്യക്ക് വിശ്വസുന്ദരിപ്പട്ടം; അഭിമാനമായി ഹര്‍നാസ് സന്ധു