മുംബൈ : ഭാര്യമാരിൽ നിന്ന് തങ്ങൾ നേരിടുന്ന അനീതികൾക്കെതിരെ പോരാട്ടവുമായി ഒരുകൂട്ടം ഭർത്താക്കന്മാർ. ഭാര്യമാരുടെ പീഡനത്തിനെതിരെ നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവർ പ്രക്ഷോഭം നടത്തി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് വീട്ടിലെ അനീതികൾക്കെതിരെ ഒരുകൂട്ടം ഭർത്താക്കന്മാർ രംഗത്തിറങ്ങിയത്.
ഇണകളിൽ സന്തുഷ്ടരല്ലാത്ത ചില ഭർത്താക്കന്മാർ ചേർന്ന് കുറച്ച് വർഷങ്ങൾക്ക് മുൻപ് ഔറംഗാബാദിൽ ഒരു പത്നി പീഡിറ്റ് ആശ്രമം തുടങ്ങിയിരുന്നു. ഈ കൂട്ടായ്മയിലെ അംഗങ്ങളാണ് നിയമനിർമാണം ആവശ്യപ്പെട്ട് ഇപ്പോൾ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. സ്ത്രീ ശാക്തീകരണത്തിനായി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നാണ് ആശ്രമത്തിന്റെ സ്ഥാപകൻ ഭാരത് ഫുലാരെ വ്യക്തമാക്കി.
അതിനാൽ തന്നെ ഭർത്താക്കന്മാർ നേരിടുന്ന അനീതികൾക്കെതിരെ നിയമനിർമാണം നടത്തേണ്ടത് ആവശ്യമാണെന്ന് ഇവർ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ടാണ് ഭർത്താക്കന്മാരുടെ കൂട്ടായ്മയുടെ പ്രക്ഷോഭം.