30 വർഷം മുൻപ് മരിച്ച രണ്ടുപേരെ വീണ്ടും വിവാഹം കഴിപ്പിച് കുടുംബം: വിചിത്രമായ പ്രേതവിവാഹം
വീട്ടുകാർ തന്നെയാണ് മരിച്ച മക്കളുടെ വിവാഹം നടത്തുന്നത്. വരന്റെ മാതാപിതാക്കളാണ് വധുവിന്റെ വീട്ടുകാർക്ക് പുടവ കൈമാറുന്നത്.
മരണം വരെയും സുഖത്തിലും സങ്കടങ്ങളിലും ഒന്നിച് കഴിയുമെന്ന് പറഞ്ഞുകൊണ്ടാണ് പലരും വിവാഹിതരാകുന്നത്. മരണത്തിലൂടെ മാത്രമെ തങ്ങളുടെ ദാമ്പത്യം അവസാനിക്കുകയുള്ളു എന്നതാണ് ഇത് കൊണ്ട് അർഥമാക്കുന്നത്. എന്നാൽ മരണശേഷവും ആളുകൾക്ക് വിവാഹിതരാകാമോ? എന്നാൽ അത്തരത്തിൽ വിവാഹം ചെയ്യുന്ന പതിവ് ഇന്ത്യയിൽ പലയിടങ്ങളിലുമുണ്ട്. പ്രേതവിവാഹം എന്നാണ് ഇത് അറിയപ്പെടുന്നത്.
വിചിത്രമായ ഈ ആചാരത്തെ പറ്റിയുള്ള വാർത്തയാണ് ഇന്ന് വീണ്ടും ചർച്ചയായിരുക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് ഇത്തരത്തിൽ വിവാഹം നടന്നത്. മരണപ്പെട്ട് 30 വർഷം കഴിഞ്ഞ ശോഭ,ചന്ദപ്പ എന്നിവരുടെ പ്രേതവിവാഹമാണ് കുടുംബാംഗങ്ങൾ നടത്തിയത്. ശോഭയും ചന്ദപ്പയും പ്രസവത്തിൽ മരിച്ച കുട്ടികളാണ്.ഇരുവരെയും വിവാഹം കഴിപ്പിക്കുന്നതിലൂടെ ഇവരുടെ ആത്മാക്കൾ സന്തോഷിക്കുമെന്നാണ് ആളുകൾ വിശ്വസിക്കുന്നത്.
വീട്ടുകാർ തന്നെയാണ് മരിച്ച മക്കളുടെ വിവാഹം നടത്തുന്നത്. വരന്റെ മാതാപിതാക്കളാണ് വധുവിന്റെ വീട്ടുകാർക്ക് പുടവ കൈമാറുന്നത്. സാധാരണ വിവാഹങ്ങളിൽ കാണുന്ന പോലെ വീഡിയോയും, ക്യാമറയും, സദ്യയും എന്തിന് വിവാഹഘോഷയാത്ര പോലും ഈ വിവാഹങ്ങൾക്കുണ്ടാകും. വധൂവരന്മാർക്ക് പകരം അവരുടെ പ്രതിമകളാകും ഘോഷയാത്രയിൽ ഉണ്ടാവുക.
ആനി അരുൺ എന്ന യൂട്യൂബറാണ് വിവാഹത്തിൻ്റെ വിശദാംശങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. സാധാരണ വിവാഹം പോലെ ആഘോഷമായാണ് ഇത്തരം വിവാഹങ്ങളെന്നും എന്നാൽ കുടുംബത്തിലെ കുട്ടികൾക്കും അവിവാഹിതർക്കും വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ അനുവാദമില്ലെന്നും അരുൺ പറയുന്നു. എന്തിന് ഇത്തരം വിവാഹങ്ങളിൽ വരനേക്കാൾ വധുവിന് വയസ്സ് കൂടുതലായതിന്റെ പേരിൽ വരന്റെ കുടുംബം വധുവിനെ നിരസിച്ച ഒരു സംഭവം അടുത്തിടെ ഉണ്ടായി എന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.