പൌരത്വ ഭേദഗതി നിയമത്തെ തുടർന്ന് മംഗളൂരുവിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത് കർണാടക പൊലീസ്. മാധ്യമ പ്രവർത്തകരെ വിട്ടു കിട്ടുന്നതിനായി സംസ്ഥാന പോലീസ് മേധാവി കർണാടക പോലീസുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം വച്ചിരുന്ന മോര്‍ച്ചറിക്ക് മുന്നില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വണ്‍, ന്യൂസ് 18 കേരളം, 24 ന്യൂസ് ചാനലുകളുടെ റിപ്പോര്‍ട്ടർമാരെയാണ് കർണാടക പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
മംഗലാപുരത്ത് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തും. റിപ്പോർട്ടർമാരെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കുന്നത് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി കർണാടക പോലീസുമായി ബന്ധപ്പെടുന്നുണ്ട്. മാധ്യമ പ്രവർത്തകരെ അക്രമകാരികളായും അവരുടെ വാർത്താ ശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള പ്രചരണങ്ങളെ ശക്തമായി അപലപിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനു നേരയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവമാണ്. അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണം.- മുഖ്യമന്ത്രി വ്യക്തമാക്കി.