ചരിത്രവിധി ഈ സന്തോഷത്തിലേക്ക് എത്തിച്ചു; സ്വവര്‍ഗബന്ധം കുറ്റകരമല്ലാതാക്കാന്‍ പോരാടിയ വനിതാ അഭിഭാഷകര്‍ ഇനി കോടതി മുറിയിലെ സ്വവർഗ ദമ്പതിമാർ
സ്വവർഗ ലൈംഗികബന്ധം കുറ്റകരമാക്കിയിരുന്ന ഐപിസി 377 നെതിരെ ദീര്‍ഘനാളാണ് ഇരുവരും പോരാടിയത്.
മേനകയും അരുന്ധതിയും–- സ്വവര്‍ഗബന്ധം കുറ്റകരമല്ലെന്ന ചരിത്രവിധി സമ്പാദിച്ച ഈ വനിതാ അഭിഭാഷകര്‍ ഇനി മുതല്‍ ദമ്പതികൾ. സ്വവര്‍ഗാനുരാഗികളുടെ മൗലികാവകാശം സംരക്ഷിക്കാന്‍ പോരാടി വിജയം നേടിയത് തങ്ങളുടെ വ്യക്തിപരമായ വിജയം കൂടിയാണെന്ന് ഇന്ന് അവര്‍ വിളിച്ചുപറയുകയാണ്. സ്വവര്‍ഗ ലൈംഗികബന്ധം കുറ്റകരമാക്കിയിരുന്ന ഐപിസി 377 നെതിരെ ദീര്‍ഘനാളാണ് ഇരുവരും പോരാടിയത്. 1860ല്‍ ബ്രിട്ടിഷ് ഭരണകാലത്ത് നിലവിലിരുന്ന നിയമത്തിനെതിരെയാണ് ഇവര്‍ പോരാടിയത്. തുടര്‍ന്ന്, ഉഭയസമ്മതപ്രകാരമുള്ള ശാരീരികബന്ധം കുറ്റകരമല്ലെന്ന് 2018 സെപ്റ്റംബര്‍ ആറിന് സുപ്രീം കോടതി വിധിച്ചു.
സ്വവര്‍ഗബന്ധം കുറ്റകരമല്ലെന്ന ഡല്‍ഹി ഹൈക്കോടതിയുടെ 2009ലെ വിധി 2013ല്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞപ്പോഴും വാദിക്കാന്‍ ഇരുവരും തോളോടുതോള്‍ ചേര്‍ന്ന് ഉണ്ടായിരുന്നു. അന്നത്തെ തോല്‍വിയില്‍ കീഴടങ്ങാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കാരണം തങ്ങള്‍ പ്രാക്ടീസ് ചെയ്യുന്ന കോടതിയില്‍ തന്നെ രണ്ടാം തരക്കാരാക്കപ്പെട്ടതായി അവര്‍ക്ക് തോന്നി. കോടതിമുറിയിലിരിക്കുമ്പോള്‍ തങ്ങള്‍ ക്രിമിനലുകളാണെന്ന തോന്നല്‍ ഒട്ടും സ്വീകാര്യമായി തോന്നിയില്ല.
2018 സ്‌പെറ്റംബര്‍ ആറിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേതൃത്വം കൊടുത്ത അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു ചരിത്രവിധി പ്രസ്താവിച്ചത്. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കാനുള്ള തീരുമാനം യുക്തിരഹിതവും, നീതീകരിക്കാനാകാത്തതും ആണെന്നായിരുന്നു വിധി പ്രസ്താവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞത്.
ചരിത്രം കുറിച്ച കോടതി വിധിയെ സ്വവര്‍ഗ സ്‌നേഹികളുടെ മൗലിക അവകാശമെന്നായിരുന്നു ഇരുവരും അന്ന് വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിലും അരുന്ധതിയും മേനകയും ഇടം നേടിയിരുന്നു. സുപ്രീംകോടതി ജസ്റ്റിസായിരുന്ന മാര്‍ക്കണ്ഡേയ കട്ജുവിന്റെ സഹോദരപുത്രിയാണ് അരുന്ധതി. മേനക, മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ഉപദേഷ്ടാവും ചിന്തകനുമായിരുന്ന മോഹന്‍ ഗുരുസ്വാമിയുടെ മകളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമത്തിനെതിരായ പോരാട്ടത്തില്‍ ഇരുവരും അടിയുറച്ചു നിന്നു.