ഗവർണറോ? ഞാനോ? അറിഞ്ഞില്ലല്ലോയെന്ന് കുമ്മനം
ഗവർണർ സ്ഥാനം ആഗ്രഹിച്ചിട്ടുമില്ല, ആരോടും ചോദിച്ചിട്ടുമില്ല: കുമ്മനം രാജശേഖരൻ
മിസോറാം ഗവര്‍ണറായിട്ടുള്ള നിയമനം താന്‍ അറിഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തന്നെ മിസോറാമിലെ ഗവർണറായി തെരഞ്ഞെടുക്കുമെന്ന് പോലും കരുതിയില്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ഇങ്ങനെ ഒരു സ്ഥാനത്തിനായി ആഗ്രഹിച്ചിട്ടില്ല, ആരോടും ചോദിച്ചിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ ചെങ്ങന്നൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിര്‍ഭയ് ശര്‍മ കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവിലാണ് കുമ്മനം മിസോറം ഗവര്‍ണറായി നിയമിതനാകുന്നത്.
മേയ് 28 ആണ് നിര്‍ഭയ് ശര്‍മ മിസോറം ഗവര്‍ണറായി കാലാവധി പൂര്‍ത്തിയാക്കുന്നത്. പുതിയ ഗവര്‍ണാറായി കുമ്മനത്തെ നിയമിച്ചുകൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ് പുറത്തിറങ്ങി.
കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകുമെന്ന് ഏറെക്കാലമായി അഭ്യൂഹമുണ്ടായിരുന്നു. ബി ജെ പിയുടെ ദേശീയ നേതൃത്വത്തിലേക്ക് കുമ്മനം എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സുപ്രധാനമായ ഭരണഘടനാ പദവിയിലേക്കാണ് കുമ്മനത്തെ നിയമിച്ചിരിക്കുന്നത്.
ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് കുമ്മനത്തെ ഗവര്‍ണറായി നിയമിക്കുന്നതിന് പ്രധാനമായ ചരടുവലികള്‍ നടത്തിയതെന്നാണ് വിവരം. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനായതും അപ്രതീക്ഷിതമായിട്ടായിരുന്നു.