Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍; കുൽഭൂഷണ്‍ യാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തു

കുൽഭൂഷണ്‍ യാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തു

ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കി പാകിസ്ഥാന്‍; കുൽഭൂഷണ്‍ യാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്‌റ്റേ ചെയ്തു
ഹേഗ് , വ്യാഴം, 18 മെയ് 2017 (16:04 IST)
മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുൽഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്ഥാൻ സൈനിക കോടതി വിധി അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു. കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുംവരെ വധശിക്ഷ നടപ്പാക്കരുതെന്ന് ജഡ്ജി റോണി എബ്രഹാം ഉത്തരവിട്ടു.

കുൽഭൂഷൺ യാദവ് ഇന്ത്യക്കാരനാണെന്ന് ഇന്ത്യയും പാകിസ്ഥാനും അംഗീകരിച്ചിട്ടുള്ളതാണെന്ന് വിധി പ്രസ്താവിക്കുന്നതിനിടെ ജഡ്ജി പറഞ്ഞു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷൻ റോണി എബ്രഹാം ഉൾപ്പെട്ട 11 അംഗ ബെഞ്ചിന്റേതാണ് വിധി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ സംഘവും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.

കേസില്‍ ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും വാദം തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു.

കേസ് രാജ്യാന്തര കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്ന പാകിസ്ഥാന്റെ വാദം തള്ളിയ കോടതി യാദവിനെ കാണാൻ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അവകാശം ഉണ്ടെന്ന് വ്യക്തമാക്കി. ഇത് അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിയുടെ ലംഘനമാണ്. അദ്ദേഹത്തിന് നിയമസഹായം നൽകാതിരുന്നത് ശരിയായില്ലെന്നും വ്യക്തമാക്കി.

പാകിസ്ഥാൻ മുൻവിധിയോടെ പെരുമാറിയെന്നും കോടതി വ്യക്തമാക്കി. കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയിൽ വരുന്ന വിഷയമാണ്. കേസ് പരിഗണിക്കാൻ കോടതിക്ക് അവകാശമുണ്ടെന്നും റോണി എബ്രഹാം ഉൾപ്പെട്ട ബഞ്ച് വ്യക്തമാക്കി.

ഇന്ത്യന്‍ ചാരനെന്നാരോപിച്ച് കുല്‍ഭൂഷണിന് പാക് സൈനിക കോടതിയാണ് വധശിക്ഷ വിധിച്ചത്. അദ്ദേഹത്തെ കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽനിന്നു പിടികൂടിയെന്നായിരുന്നു പാക് അവകാശവാദം. ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണു യാദവെന്നായിരുന്നു പാകിസ്ഥാന്റെ ആരോപണം.

യാദവിന് വധശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും ഇന്ത്യ മരവിപ്പിച്ചിരുന്നു. കുല്‍ഭൂഷണിന് നീതി കിട്ടും വരെ പാകിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെയ്ക്കുകയാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. പാക് തടവറയിലുള്ള യാദവിനെ കാണാന്‍ നയതന്ത്ര പ്രതിനിധികളെ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തുടര്‍ച്ചയായി തള്ളിയതും ഇന്ത്യ ശക്തമായി പ്രതിഷേധിക്കാന്‍ കാരണമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരുക്കങ്ങള്‍ ബാഗ്ദാദിയുടെ മേല്‍‌നോട്ടത്തില്‍; പദ്ധതിക്കായി വിദഗ്‌ധര്‍ എത്തും - ഐഎസ് രാസായുധ സെല്ലിന് രൂപം നല്‍കുന്നു