ബംഗളൂരു: പത്തുവയസുള്ള അബാലനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും പിന്നീട് കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു ശിക്കാരിപാളയ നിവാസി മുഹമ്മദ് അബ്ബാസിന്റെ മകന്‍ ആസിഫ് ആലം ആണ് കൊല്ലപ്പെട്ടത്.
ജൂണ്‍ മൂന്നിനാണ് ആസിഫ് ആലത്തിന്റെ ഹെബാഗോടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് അക്രമികള്‍ കുട്ടിയുടെ പിതാവ് മുഹമ്മദ് അബ്ബാസിന് ഫോണിലൂടെ 25 ലക്ഷം രൂപ മോചന ദ്രവ്യമായി ആവശ്യപ്പെട്ടു. തുടര്‍ന്ന് മുഹമ്മദ് അബ്ബാസ് പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം വ്യാപിച്ചതോടെ ബാംഗ്‌ളൂര്‍ ജിഗിനി പ്രദേശത്തെ വിജനമായ സ്ഥലത്തു നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടി. തുടര്‍ അന്വേഷണത്തില്‍ മരിച്ച കുട്ടിയുടെ സുഹൃത്ത് നല്‍കിയ സൂചനയെ തുടര്‍ന്ന് മുഹമ്മദ് നൗഷാദ്, സിറാജ് എന്നീ പ്രതികളെ ഛത്തീസ്ഗഡില്‍ നിന്ന് പിടികൂടി.
എന്നാല്‍ മുഖ്യപ്രതിയായ മുഹമ്മദ് ജാവേദ് ഷെയ്ഖ് ഇപ്പോഴും ഒളിവിലാണ്. മുംബൈയിലുള്ള കാമുകിയുമൊത്ത് ജീവിക്കാന്‍ പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ജാവേദ് ഷെയ്ഖ് മൂന്നു കൊല്ലം മുമ്പ് ബംഗളൂരുവില്‍ എത്തി സി.സി.ടി.വി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. പോലീസ് അന്വേഷണം തുടരുന്നു.