കർണാടക നിയമസഭ തെരഞ്ഞെടുപ്പ് 2018; ഒരു വോട്ടിന് മസാലദോശയും ഇന്റർനെറ്റ് ഡാറ്റയും; വോട്ടർമാരെ ചാക്കിലാക്കാൻ നിരവധി ഓഫറുകൾ
വോട്ടർമാരെ ചാക്കിലാക്കാൻ നിരവധി ഓഫറുകൾ
ബംഗളൂരു: കർണ്ണാടകയിൽ വോട്ടെടുപ്പ് ശക്‌തിപ്രാപിക്കുമ്പോൾ, വോട്ട് ചെയ്‌ത് മഷിയടയാളം കാണിക്കുന്നവർക്ക് പുതിയ വാഗ്‌ദാനങ്ങളുമായി വ്യാപാര സ്ഥാപനങ്ങളും വിവിധ സംഘടനകളും രംഗത്ത്. മസാലദോശ മുതൽ ഇന്റർനെറ്റ് ഡാറ്റ വരെ ഇതിൽ ഉൾപ്പെടുന്നു. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണിത്.
വോട്ടർ തിരിച്ചറിയൽ കാർഡും വിരലിലെ മഷിയടയാളവും കാണിക്കുന്ന കന്നി വോട്ടർമാർക്ക് നൃപതുംഗ റോഡിലെ നിസർഗ ഹോട്ടലിൽ സൗജന്യ ദോശയാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. മറ്റ് വോട്ടർമാർക്ക് ഫിൽറ്റർ കോഫിയും. സ്ഥിരമായി ഭക്ഷണം കഴിക്കാൻ വരുന്ന ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികളാന് ഇത്തരമൊരു ആശയം മുന്നോട്ടുവച്ചതെന്ന് ഹോട്ടലുടമ കൃഷ്ണരാജ് പറഞ്ഞു.
കൂടാതെ ഹോട്ടൽശൃംഖല വാസുദേവ് അഡിഗയും ഇന്ന് വോട്ടർമാർക്ക് കോഫി വാഗ്‌ദാനം നൽകിയിട്ടുണ്ട്. എന്നാൽ വളരെ വ്യത്യസ്‌തമായി വോട്ടുചെയ്യുന്നവർക്കായി രാജാജി നഗർ സെക്കൻഡ് സ്റ്റേജിലെ സൈബർ കഫേ ഉടമ സൗജന്യമായി ഇന്റർനെറ്റാണ് വാഗ്ദാനം ചെയ്‌തിരിക്കുന്നത്. വാഗ്‌ദാനങ്ങൾ ഇനിയും ഏറെയാണ്. പുതിയ തലമുറ തെരഞ്ഞെടുപ്പിനോട് മുഖംതിരിക്കുന്ന സാഹചര്യത്തിൽ അവരെ ഇതിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള വാഗ്‌ദാനങ്ങൾ.