കര്‍ണാടക തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തെരഞ്ഞെടുപ്പ് മെയ് 12ന്, വോട്ടെണ്ണല്‍ മെയ് 15ന്
കര്‍ണാടക പോരാട്ട ചൂടിലേക്ക്
കര്‍ണാടകയിലെ നിയമസഭ തെരെഞ്ഞടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് മെയ് 12നും വോട്ടെണ്ണല്‍ മെയ് 15നും നടക്കും. ഒറ്റ ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 24 വരെ പത്രിക സമര്‍പ്പിക്കാം. സൂഷ്മ പരിശോധനയ്ക്ക് ശേഷം ഏപ്രില്‍ 27വരെ പത്രിക പിന്‍വലിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഒ.പി. റാവത്ത് പറഞ്ഞു.
കര്‍ണാടകയില്‍ തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ ഇംഗ്ലീഷിലും കന്നഡയിലും രേഖപ്പെടുത്തും. ആകെ 224 സീറ്റുകളാണുള്ളത്. വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. സ്ഥാനാര്‍ത്ഥികളുടെ ചിത്രം പതിപ്പിച്ച വോട്ടിംഗ് യന്ത്രമായിരിക്കും തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. പ്രചരണത്തിനു പരിസ്ഥി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ.
കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥിക്ക് ചിലവാക്കാവുന്ന പരമാവധി തുക 28 ലക്ഷം രൂപയാണ്. ബൂത്തുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. 4.96 കോടി വോട്ടര്‍മാരാണ് കര്‍ണാടകയില്‍ ഉള്ളതെന്ന് റാവത്ത് പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ അധികാരം പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് സര്‍വ്വേയില്‍ കോണ്‍ഗ്രസിനാണ് മൂന്‍തൂക്കം.