ജല്ലിക്കെട്ട് പ്രതിഷേധത്തിന് പിന്നിലാര് ?; പൊലീസിന്റെ പ്രസ്താവനയില്‍ ഞെട്ടി വിദ്യാര്‍ഥികള്‍
ജല്ലിക്കെട്ട് പ്രതിഷേധത്തിന് പിന്നില്‍ ദേശവിരുദ്ധ ശക്തികളെന്ന് പൊലീസ്
ജല്ലിക്കെട്ട് പ്രതിഷേധക്കാരെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനയുമായി ചെന്നൈ പൊലീസ് രംഗത്ത്. പ്രതിഷേധത്തിന് പിന്നില്‍ ഇപ്പോഴുള്ളത് വിദ്യര്‍ഥികളല്ല, മറിച്ച് ദേശ വിരുദ്ധ ശക്തികളാണ്. സ്ഥിതി വഷളാക്കാനുള്ള ചിലരുടെ ശ്രമമാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചതെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, തമിഴ്നാട് നിയമസഭ ജല്ലിക്കെട്ട് ബില്‍ പാസാക്കി. പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്നാണ് ബില്‍ പാസാക്കിയത്. ഐക്യകണ്ഠേനയാണ് ബില്‍ പാസാക്കിയത്. മുഖ്യമന്ത്രി ഒ പനീര്‍സെല്‍വമാണ് ബില്‍ അവതരിപ്പിച്ചത്.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആണ് സംസ്ഥാനത്ത് ജല്ലിക്കെട്ട് പ്രധാനമായും നടക്കുക. ഈ സമയത്ത് സര്‍ക്കാരിന്റെ അനുമതിയോടെ ജല്ലിക്കെട്ട് നടത്താമെന്നാണ് ബില്ലില്‍ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ ജെല്ലിക്കെട്ട് സമരത്തിനെതിരേ പൊലീസ് നടപടി എന്തിനായിരുന്നുവെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചിരുന്നു. സമാധാനപരമായ സമരം ആയിരുന്നില്ലേ എന്നും പിന്നെ എന്തിനാണ് പൊലീസ് പ്രതിഷേധിച്ചവരെ തല്ലിച്ചതച്ചതെന്നും കോടതി ചോദിച്ചു.
സമരക്കാരിൽ സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറി ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചെന്നാണ് കോടതിക്ക് സര്‍ക്കാര്‍ നല്കിയ മറുപടി നല്കി. എങ്കിൽ നടപടി സ്വീകരിക്കേണ്ടത് സാമൂഹ്യവിരുദ്ധർ നേരെയല്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. എന്നാല്‍, സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ചുനീക്കിയ വിഷയത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു.