പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാന്‍. ഇറാന്‍ സൈന്യത്തീന്റെ കൂടാതെ മറ്റ് സഖ്യരാജ്യങ്ങളില്‍ നിന്നും ഇസ്രായേലിനെതിരെ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം.
അതേസമയം എന്ത് ആക്രമണത്തെയും നേരിടാന്‍ ഇസ്രായേല്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകയോഗവും പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തു. ഇറാനില്‍ നിന്നും ആക്രമണമുണ്ടായതായി ഇസ്രായേല്‍ സേനയും സ്ഥിരീകരിച്ചു. പ്രതിരോധ സേന അതീവ ജാഗ്രതയിലാണെന്നും നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഐ ഡി എഫ് അറിയിച്ചു. അതേസമയം ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. തങ്ങളുടെ സൈനിക നടപടിയില്‍ നിന്നും യു എസ് വിട്ടുനില്‍ക്കണമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനൊപ്പം യെമനിലെ ഹൂതി വിമതരും ലെബനനിലെ പലസ്തീന്‍ അനുകൂല സായുധസംഘവുമായ ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാന്റെ നയതന്ത്രമന്ത്രാലയത്തില്‍ ആക്രമണം നടത്തിയതിന് പിന്നില്‍ ഇസ്രായേലാണെന്നും ഇതിന് പ്രതികാരമുണ്ടാകുമെന്നും ഇറാന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം നടന്ന് 48 മണിക്കൂറിനുള്ളിലാണ് പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തികൊണ്ട് ആക്രമണം ഉണ്ടായിരിക്കുന്നത്.