ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 182 മീറ്റർ പ്രതിമ– സ്റ്റാച്യൂ ഓഫ് യൂണിറ്റി– ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനത്തിൽ തന്നെയാണ് ഉദ്ഘാടനമെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുമെന്നു പ്രദേശത്തെ ആദിവാസി നേതാക്കൾ അറിയിച്ചു. പ്രതിമ നിർമിച്ചതിലൂടെ വ്യാപകമായ പ്രകൃതിനശീകരണമുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണിത്. സർദാർ സരോവർ ഡാം പരിസരത്തുള്ള 22 ഗ്രാമങ്ങളിലെ ഗ്രാമത്തലവന്മാർ ചടങ്ങ് ബഹിഷ്കരിക്കും. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ തങ്ങളില്ലെന്ന് ഇവർ നേരത്തെ അറിയിച്ചിരുന്നു.
ഗുജറാത്തിലെ നർമദ ജില്ലയിൽ സർദാർ സരോവർ അണക്കെട്ടിന് അഭിമുഖമായി നിർമിച്ച പട്ടേൽ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്. പ്രതിമയ്ക്കു സമീപം നിർമിച്ച ‘ഐക്യത്തിന്റെ മതിലും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
സർദാർ പട്ടേൽ മ്യൂസിയം, കൺവൻഷൻ സെന്റർ, പൂക്കളുടെ താഴ്‍വര, വിനോദസഞ്ചാരികൾക്കായുള്ള ടെന്റ് സിറ്റി തുടങ്ങി ഒട്ടേറെ പദ്ധതികൾ ഉൾപ്പെട്ടതാണ് പ്രതിമാ സമുച്ചയം.