രാജ്യത്ത് 2 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചത്തലാത്തിൽ പരിശോധനകൾ ശക്തമാക്കി. രാജ്യത്തെ 21 വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് കർശനമായി പരിശോധിക്കുന്നത്. അതേസമയം ദക്ഷിണ കൊറിയ,ഇറ്റലി,ജപ്പാൻ,ഇറാൻ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് രാജ്യത്തുള്ളവരോടായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌വർധൻ സിങ്ങ് ആവശ്യപ്പെട്ടു.
നിലവിൽ തെലങ്കാനയിലും ഡൽഹിയിലുമാണ് കൊറോണബാധ സ്ഥിരീകരിച്ചിരിക്കുന്നത്.രണ്ടിടത്തും ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ കൊറോണ ബാധിച്ച ആൾ ഇറ്റലിയിൽ നിന്നും യാത്ര ചെയ്‌ത് വന്നതാണെങ്കിൽ ദുബായിൽ നിന്നെത്തിയ ആൾക്കാണ് തെലങ്കാനയിൽ കൊറോണബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗമുണ്ടെന്ന് സംശയിക്കുന്ന 23 സാമ്പിളുകൾ കൂടുതൽ പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഇതുവരെയും പുറത്തുവന്നിട്ടില്ല.
നേരത്തെ കേരളത്തിൽ 3 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും 3 പേരെയും ചികിത്സയിലൂടെ രക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ വീണ്ടും കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. നിലവിൽ കേരളത്തിൽ ആരും തന്നെ കൊറോണ ബാധിച്ച് ചികിത്സയിലില്ല.വെള്ളിയാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടത്. എങ്കിലും ഇപ്പോളും കേരളത്തെ കൊറൊണ വിമുക്തമായി പ്രഖ്യാപിക്കാരായിട്ടില്ലെന്ന നിലപാടിലാണ് ആരോഗ്യമന്ത്രി. ചൈനക്ക് പുറമെ വിദേശ രാജ്യങ്ങളിലും കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ തീരുമാനം.