ഡൽഹി: കിഴക്കൻ ലഡാക്കിലെ സേനാ പിൻമാറ്റവുമായി ബന്ധപ്പെട്ട് പത്താംഘട്ട ഇന്ത്യ-ചൈന ഉന്നത സൈനിക ഉദ്യോഗസ്ഥ തല ചർച്ച ഇന്ന് നടക്കും, പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിൽനിന്നും സേനാ പിന്മാറ്റത്തിന് ഇരു സേനകളും ധാരണയിലെത്തിയതിന് പിന്നാലെയാണ് പത്താംഘട്ട ചർച്ച. പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിൽനിന്നും ഇരു സേനകളുടെയും പിന്മാറ്റം കഴിഞ്ഞ ദിവങ്ങളിൽ പൂർത്തിയാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു.
കിഴക്കൻ ലഡാക്കിൽ യഥാത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം, മാൽഡോയിലാണ് ഇന്ത്യ-ചൈന ഉന്നത സൈനിക ഉദ്യോഗസ്ഥ തല ചർച്ച നടക്കുക. കഴിഞ്ഞ ചർച്ചയിലെ ധാരണ പ്രകാരം ഫെബ്രുവരി പത്തിനാണ് ഇരു രാജ്യങ്ങളും സേനാ പിൻമാറ്റം ആരംഭിച്ചത്. കിഴക്കൻ ലഡാക്കിൽ ഇരു രാജ്യങ്ങളും സേന പിൻമാറ്റത്തിന് ധാരണയായി എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ചില പ്രശ്നങ്ങൾക്ക് കൂടി പരിഹാരം കാണേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.