പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാക്കള്‍ നടത്തിയ വിവാദ പരാമര്‍ശം അറബ് രാജ്യങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഖത്തര്‍ അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചു. സൗദിയും ഇന്ത്യക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം കോലാഹലങ്ങള്‍ നടക്കുമ്പോള്‍ അറബ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരാണ് വലിയ രീതിയില്‍ ആശങ്കപ്പെടുന്നത്. അറബ് രാജ്യങ്ങള്‍ക്ക് ഇന്ത്യയോട് തോന്നിയ നീരസം തങ്ങളുടെ ജോലിയെ ബാധിക്കുമോ എന്നാണ് എല്ലാവരുടേയും ആശങ്ക. അതിനിടയിലാണ് പ്രവാസിയായ സുല്‍ഫീക്കര്‍ മാടായിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ദൃഢമായ ബന്ധത്തെ കുറിച്ച് ഈ കുറിപ്പില്‍ വ്യക്തമാക്കുന്നു.
സുല്‍ഫീക്കറിന്റെ കുറിപ്പ് വായിക്കാം
ഞാന്‍ ആദ്യമായി യുഎഇയില്‍ വന്നത് 2003 ലായിരുന്നു. ഒരു ഫ്രീ വിസയില്‍. അറബി (അര്‍ ബാബ്)വിസ തരും, പക്ഷേ ജോലിയില്ല. ഞാന്‍ ജോലി അന്വേഷിച്ച് കണ്ട് പിടിച്ച് വിസ കിട്ടുന്ന ജോലിയിലേക്ക് മാറ്റണം. അതായത് അദ്ധേഹത്തിന്റെ വിസ എനിക്കുണ്ടെങ്കിലും ഞാന്‍ ആളുമായി യാതൊരു ബന്ധവുമില്ല. എങ്കിലും വിസ തന്ന ആളല്ലേ, ഒന്ന് ചെന്ന് കണ്ടേക്കാം എന്ന് അളിയന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചെന്നു. ഇവിടെത്തെ പെട്രോളിയം കമ്പനിയുടെ ഒരു ചീഫ് ആയിരുന്നു അര്‍ബാബ്. ഞങ്ങള്‍ ചെന്നപ്പോള്‍ അദ്ധേഹം അമേരിക്കയിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. ആദ്യമായി കാണാന്‍ ചെല്ലുന്നത് കൊണ്ട് ഞാനല്‍പം ഫ്രൂട്‌സ് വാങ്ങിയിരുന്നു. പക്ഷേ ആള്‍ക്ക് ഫ്‌ലൈറ്റിന്റെ സമയവുമായി. അദ്ധേഹത്തിന്റെ ഭാര്യയും വീട്ടില്‍ നിന്നിറങ്ങി വന്നു. കയ്യിലെ പഴവര്‍ഗ്ഗങ്ങള്‍ ഞാനവര്‍ക്ക് നേരെ നീട്ടി. അത് കണ്ട അര്‍ബാബ് അതെന്താണെന്ന് കാറില്‍ നിന്ന് വിളിച്ചു ചോദിച്ചു. ഫ്രൂട്‌സ് ആണെന്ന് പറഞ്ഞപ്പോള്‍ അതില്‍ നിന്നല്‍പം തരൂ, നീ ആദ്യമായി കൊണ്ട് വന്നതല്ലേ, ഞാന്‍ ഫ്‌ലൈറ്റില്‍ നിന്ന് കഴിച്ചോളാം എന്ന് പറഞ്ഞ് അതില്‍ നിന്നല്‍പം അദ്ധേഹം തന്റെ ബാഗിലേക്ക് വെച്ചു.
വീട്ടിലേക്ക് ക്ഷണിച്ച മാഡം ഭക്ഷണം കഴിഞ്ഞിട്ടേ പോകാവൂ എന്ന് വാശി പിടിച്ചു. അറബി തീരെ അറിയാത്ത ഞാന്‍ മുറി ഇംഗ്ലീഷില്‍ അവരോട് സംസാരിച്ച് തുടങ്ങി. ഏതാനും മാസം പ്രായമുള്ള ഒരു ചെറിയ മകന്‍ ആണവര്‍ക്ക്. അറബിയുടെ മകനായത് കൊണ്ട് എനിക്കവനെ തൊടാനും എടുക്കാനും ഒരു മടിയൊക്കെ ഉണ്ടായിരുന്നു. പക്ഷേ എന്നെ അദ്ഭുദപ്പെടുത്തിക്കൊണ്ട് അവര്‍ അഹമദിനെ എന്റെ കയ്യിലേക്ക് തന്നു. ഞാന്‍ അപ്പോഴും സ്ത്ബ്ധനായി ഇരിക്കുകയായിരുന്നു.
നന്നായി ഭക്ഷണം കഴിച്ച് ഞാന്‍ അവിടെ നിന്നിറങ്ങി. ഞാന്‍ ആ വീട്ടിലെ ഒരംഗമായി മാറാന്‍ അധിക താമസമൊന്നും ഉണ്ടായില്ല. ഇടക്ക് അര്‍ബാബ് ഉള്ള സമയങ്ങളില്‍ പോയാല്‍ അദ്ധേഹം അഡ്നോക്കിന്റെ ( ഇവിടത്തെ പെട്രോള്‍ കമ്പനി) ചരിത്രം എഴുതിയ പുസ്തകങ്ങള്‍ കാണിച്ചു തരും അതില്‍ ലുങ്കിയുടുത്ത് നില്‍ക്കുന്ന മലയാളിയെ കാണിച്ച് അദ്ധേഹം പറയും
നോക്കൂ, ഹിന്ദി അന്ന് മുതലേ ഞങ്ങളുടെ കൂടെയുണ്ട്.
ഇന്ത്യയും ഈ നാടും തമ്മിലുള്ള ബന്ധവും ഈ രാജ്യത്ത് ആദ്യമായി ഫ്‌ലൈറ്റ് ഇറങ്ങിയ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിയാണെന്നുമൊക്കെ എന്നേക്കാള്‍ രണ്ട് വയസ് മാത്രം പ്രായക്കൂടുതലുള്ള അര്‍ബാബില്‍ നിന്നാണ് ഞാനാദ്യമായ് അറിയുന്നത്.
അഹമദിന് അഞ്ച് വയസായപ്പോള്‍ എന്റെ ജന്മദിനത്തിന് അവന്‍ എനിക്കൊരു ഗ്രീറ്റിംഗ് കാര്‍ഡ് തന്നു. അതില്‍ അവന്‍ കളര്‍ പെന്‍സില്‍ കൊണ്ട് ഒരു സൈക്കിളിന്റെ ചിത്രം വരച്ചിരുന്നു. അതിന്റെ താഴെ അവന്‍ എഴുതി ' Thank you for teaching me how to run a cycle, uncle you are my best friend ' അപ്പോഴേക്കും അവനൊരു പെങ്ങള്‍ ഉണ്ടായി, പിന്നെ മറ്റൊരു അനുജനും.
ഇപ്പോള്‍ അഹമദ് മിലിറ്ററിയില്‍ ജോലിക്ക് കയറി, ഇടക്ക് മെസേജിടും, 'അങ്കിള്‍ വരുമ്പോള്‍ എനിക്ക് ബട്ടര്‍ ചിക്കന്‍ കൊണ്ട് തരണേ' ഇന്നും അവിടെ ചെന്നാല്‍ ആ കുട്ടികള്‍ എന്നെ കെട്ടിപ്പിടിച്ച് സ്വീകരിക്കും. ഒന്നിച്ച് ഭക്ഷണം കഴിക്കും. അര്‍ബാബിന്റെ ഭാര്യയുടെ ശബ്ദം അടുക്കളയില്‍ നിന്ന് കേള്‍ക്കാം 'ഓ അങ്കിള്‍ വന്നല്ലോ, ഇനിയാരെയും കുട്ടികള്‍ക്ക് വേണ്ടി വരില്ല' അവരുടെ വീട്ടില്‍ ആരു വിരുന്നിനു വന്നാലും അവര്‍ എന്നെയും ക്ഷണിക്കും, അന്നും ഇന്നും.
പറഞ്ഞ് വന്നത് ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മില്‍ ചരിത്രകാലം മുതലേ ദൃഡമായ ബന്ധമാണുള്ളത്. അത് തകരാതിരിക്കട്ടെ.ഒരുപാട് കുടുംബങ്ങളുടെ വിശപ്പകറ്റാന്‍ ആ ബന്ധം കാരണമായിട്ടുണ്ട്. അത് അവര്‍ ഹിന്ദുവാണോ മുസ്ലിമാണോ കൃസ്ത്യാനിയാണോ എന്നൊന്നും നോക്കിയിട്ടല്ല.
Give respect, Take respect