രാജ്യസഭയില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ആദ്യമായി പ്രസംഗിച്ചു. അക്ഷരാര്‍ത്ഥത്തില്‍ കത്തിക്കയറിയ പ്രസംഗമെന്നുതന്നെ പറയണം. കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ ബി ജെ പി സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു.
അമിത്ഷാ രാജ്യസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ #ShahSpeaksInRajyaSabha എന്ന ഹാഷ്‌ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡായി മാറി.
ഏഴുപതിറ്റാണ്ടായി ഒരു കുടുംബമാണ് ഇന്ത്യ ഭരിച്ചുകൊണ്ടിരുന്നത്. അവരിലുള്ള വിശ്വാസം ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ വികസനം വേഗത്തിലാക്കുന്നതിനായാണ് ബി ജെ പി സര്‍ക്കാരിനെ ജനം തെരഞ്ഞെടുത്ത്. ഇന്ന് ജനങ്ങള്‍ക്ക് ശുഭപ്രതീക്ഷയുണ്ട് - അമിത് ഷാ പറഞ്ഞു.
ജി എസ് ടിയില്‍ നിന്നുള്ള പണം പാവങ്ങള്‍ക്ക് പാചകവാതക സബ്സിഡി നല്‍കുന്നതിനും അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്കും വൈദ്യുതിയില്ലാത്തവര്‍ക്ക് അത് ലഭ്യമാക്കാനുമൊക്കെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അതിനെ ഗബ്ബര്‍ സിംഗ് ടാക്സ് എന്ന് വിളിച്ച് പരിഹസിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണം കഴിഞ്ഞ 60 വര്‍ഷത്തിലധികമായി ഇന്ത്യ ഭരിച്ച കോണ്‍ഗ്രസാണ്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പല പദ്ധതികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.
തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ ബി ജെ പി ജയിക്കുന്നതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളാണ്. നാടുവാഴിത്ത - മതാധിഷ്ഠിത - ജാതി രാഷ്ട്രീയത്തെയെല്ലാം മോദിസര്‍ക്കാര്‍ പിഴുതെറിഞ്ഞിരിക്കുന്നു. അതിന്‍റെ ഫലമാണ് ഉത്തര്‍പ്രദേശിലെയും ഗുജറാത്തിലെയും ബി ജെ പിയുടെ വിജയം - അമിത് ഷാ വ്യക്തമാക്കി.
അതിര്‍ത്തി സംരക്ഷിക്കാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്ന് ലോകം തിരിച്ചറിഞ്ഞത് സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെയാണ്. അതൊരു ചരിത്രനിമിഷമായിരുന്നു. ഇപ്പോഴാണ് കശ്മീരില്‍ ഏറ്റവും സമാധാനപരമായ ജീവിതം പുലരുന്നത്. തീവ്രവാദികളും ഭീകരരുമെല്ലാം ബി ജെ പി ഭരണത്തിലേറിയതോടെ ഇരുമ്പഴികള്‍ക്കുള്ളിലായി - അമിഷ് ഷാ പറഞ്ഞു.
മഹാത്മാഗാന്ധിയുടെയും ദീന്‍ ദയാല്‍ ഉപാധ്യായയുടെയും തത്വങ്ങളില്‍ വിശ്വസിക്കുന്ന സര്‍ക്കാരാണ് നരേന്ദ്രമോദിയുടേതെന്നും അമിത് ഷാ വ്യക്തമാക്കി.