ബലാത്സംഗ കുറ്റങ്ങളുമായി ബന്ധപ്പെട്ട നിയമം ലിംഗസമത്വം ഉറപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. കുറ്റങ്ങൾ ചുമത്തുന്നതിലും ലിംഗവിവേചനം പാടില്ലെന്ന് ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. വിവാഹമോചിതരായ ദമ്പതികൾ അവരുടെ കുട്ടിയുടെ സംരക്ഷണത്തെ ചൊല്ലി നൽകിയ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ബലാത്സംഗ കുറ്റം ലിംഗഭേദമില്ലാതെയാക്കണമെന്നാണ് ജസ്റ്റിസ് എ മുഹമ്മത് മുസ്താഖ് അഭിപ്രായപ്പെട്ടത്.
കോടതി പരിഗണിച്ച കേസിലെ കക്ഷിയായ ഭർത്താവ് ഒരിക്കൽ ബലാത്സംഗ കേസിൽ പ്രതിയായിരുന്നു എന്ന കാര്യം എതിര്‍ ഭാഗം കോടതിയിൽ ഉന്നയിക്കുകയായിരുന്നു. എന്നാൽ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത ആരോപണമെന്നും ഭർത്താവിന്റെ അഭിഭാഷകൻ വാദിച്ചു.ഈ ഘട്ടത്തിലാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പ് (ബലാത്സംഗ കുറ്റം) ലിംഗസമത്വം ഉറപ്പാക്കുന്നില്ലെന്ന ആശങ്കയിൽ കോടതി വാക്കാലുള്ള പരാമർശം നടത്തിയത്.
സെക്ഷൻ 376ൽ ലിംഗനീതി ഉറപ്പാക്കുന്ന വ്യവസ്ഥയില്ല. ഒരു സ്ത്രീ പുരുഷന് വിവാഹവാഗ്ദാനം നൽകിയാൽ അവർക്കെതിരെ കേസെടുക്കാൻ കഴിയില്ല. എന്നാൽ അതേ കുറ്റത്തിന് ഒരു പുരുഷനെ പ്രതിയാക്കാം. ഇതേത് തരത്തിലുള്ള നിയമമാണ്? ഇത്തരം നിയമങ്ങൾക്ക് ലിംഗഭേദം പാടില്ല. എന്നുമായിരുന്നു അദ്ദേഹത്തിൻറെ പരാമർശം.